പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കെജിഎഫി’ന്‍റെ രണ്ടാം ഭാഗം കേരളത്തില്‍ അവതരിപ്പിക്കുന്നത് നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സ്. ചിത്രം കേരളത്തില്‍ എത്തിക്കുന്ന കാര്യം പൃഥ്വിരാജ് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
എല്ലാവരെയുംപോലെ കെജിഎഫ് ഫ്രാഞ്ചൈസിന്റെ വലിയൊരു ആരാധനാണ് താനെന്നും ഇങ്ങനെയൊരു കൂടിച്ചേരലിന്റെ ആകാംക്ഷ തനിക്കുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.
‘ലൂസിഫര്‍ ഇറങ്ങിയതിനു ശേഷമാണ് കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് എന്നെ സമീപിക്കുന്നത്. ഞാനും സത്യം പറഞ്ഞാല്‍ ഇങ്ങനെയൊരു കൂടിച്ചേരലിനു വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന് പറയാം. ഇന്ത്യ മുഴുവന്‍ കാത്തിരിക്കുന്ന ഒരു ചിത്രത്തെ അവതരിപ്പിക്കാന്‍ കഴിയുന്നത് വലിയൊരു അംഗീകാരമായി കാണുന്നു. ഞാനും റോക്കിയുടെ കഥയ്ക്കായി കാത്തിരിക്കുകയാണ്.’-പൃഥ്വിരാജ് പറഞ്ഞു.
യഷ് നായകനാകുന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തില്‍ കൊടും വില്ലന്‍ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവര്‍ ചേര്‍ന്നാണ്. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്.