ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ 90 ശതമാനം പോളിങ്. കേരളത്തില്‍ 95.66 ശതമാനം പോളിങ് രേഖപ്പെടുത്തി. 19ന് എഐസിസി ആസ്ഥാനത്താണ് വോട്ടെണ്ണല്‍. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരുമാണ് സ്ഥാനാര്‍ത്ഥികള്‍.
9000ല്‍ അധികം പിസിസി പ്രതിനിധികള്‍ 68 ബൂത്തുകളിലായാണ് വോട്ട് ചെയ്തത്. രഹസ്യബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്. ബാലറ്റ് പേപ്പറില്‍ ആദ്യം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേരും രണ്ടാമത് തരൂരിന്റെ പേരുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയിലും തരൂര്‍ തിരുവനന്തപുരത്തുമാണ് വോട്ട് രേഖപ്പെടുത്തിയത്. അതേസമയം പീഡനകേസില്‍ ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളി വോട്ട് ചെയ്യാനും എത്തിയില്ല.
കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും എഐസിസി ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തി. ഭാരത് ജോഡോ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നതിനാല്‍ രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ ബല്ലാരിയിലെ സംഗനാക്കല്ലില്‍ ക്രമീകരിച്ച കേന്ദ്രത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
24 വര്‍ഷത്തിന് ശേഷമാണ് ഗാന്ധികുടുംബത്തിന് പുറത്ത് നിന്നൊരാള്‍ അദ്ധ്യക്ഷപദവിയിലെത്താന്‍ പോകുന്നത്. കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആറാംതവണയാണ് അദ്ധ്യക്ഷ പദത്തിലേക്ക് മത്സരം നടക്കുന്നത്.