മലയാള സിനിമയിൽ സാമൂഹ്യ പ്രസക്തകിയുള്ള ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ മനോജ് കാനയുടെ പുതിയ ചിത്രം ‘ഖെദ്ദ’യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമ്മിക്കുന്ന സിനിമയിൽ നടി ആശാ ശരത്തും മകൾ ഉത്തര ശരത്തുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫോൺകെണിയുടെ കഥ പറയുന്ന ‘ഖെദ്ദ’ ഏറെ സാമൂഹ്യപ്രസക്തിയുള്ള ചിത്രമാണ്. അവതരണത്തിലെ പുതുമയും വേറിട്ട പ്രമേയവും ചിത്രത്തെ മനോജ് കാനയുടെ മറ്റ് ചിത്രങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നു. ‘ഈ സിനിമ പ്രേക്ഷകർക്ക് സ്വന്തം അനുഭവമായി മാറുമെന്ന് സംവിധായകൻ മനോജ് കാന പറയുന്നു.
‘ഖെദ്ദ’ സ്ത്രീകളും പെൺകുട്ടികളും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്. സോഷ്യൽ മീഡിയയിൽ കുടുങ്ങിപ്പോകുന്ന സ്ത്രീകളുടെ പ്രശ്നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. അറിഞ്ഞോ അറിയാതെയോ സ്ത്രീകൾ പലപ്പോഴും സോഷ്യൽ മീഡിയ എന്ന കെണിയിൽ പെടുകയാണ്. അത്തരം സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ഖെദ്ദയുടെ ഇതിവൃത്തം. പരിഹാരമല്ല, ചില റിയാലിറ്റികളാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നതെന്നും മനോജ് കാന വ്യക്തമാക്കി. ഫോൺകെണിയുടെ കഥയാണ് ചിത്രം പറയുന്നതെങ്കിലും നിലവിലെ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളും സിനിമ ചർച്ച ചെയ്യുന്നുണ്ടെന്നും സംവിധായകൻ പറഞ്ഞു. ആശാ ശരത്തും മകളും ഒരുമിച്ച് അഭിനയിക്കുന്നു എന്ന പുതുമയും ചിത്രത്തിനുണ്ട്. “എല്ലാ അമ്മമാരെയും പോലെ ഉത്തര സിനിമയിലേക്ക് വന്നതിൽ ഞാനും ഒത്തിരി സന്തോഷിക്കുന്നുണ്ടെന്ന് ആശാ ശരത്ത് പറഞ്ഞു.
ഇപ്പോൾ ഞങ്ങൾ ഏറെ ഹാപ്പിയാണ്. ഇനി എല്ലാം ഈശ്വരന്റെ കൈകളിലാണ്.” ആശാ ശരത്ത് പറയുന്നു. സുധീർ കരമന, സുദേവ് നായർ, അനുമോൾ, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തിലെ അഭിനേതാക്കളാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ ക്യാമറ മാൻ പ്രതാപ് പി. നായർ, കോസ്റ്റ്യൂം ഡിസൈനർ അശോകൻ ആലപ്പുഴ എന്നിവരും ‘ഖെദ്ദ’യിൽ പ്രവർത്തിക്കുന്നുണ്ട്. എഡിറ്റർ: മനോജ് കണ്ണോത്ത്. പി.ആർ.ഒ: പി.ആർ.സുമേരൻ