
തിരുവനന്തപുരം∙ വിവാഹ വാഗ്ദാനം നിരസിച്ച വനിതയെ കാറിൽ തട്ടിക്കൊണ്ടുപോയി എയർഗൺ ചൂണ്ടി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത കേസിൽ പൊലീസ് ഉദ്യോഗസ്ഥനടക്കം 5 പേരെ കസ്റ്റഡിയിലെടുത്തു. പരശുവയ്ക്കൽ സ്വദേശി ശ്യാം ദേവദേവൻ (42), എ.ആർ ക്യാംപിലെ ഗ്രേഡ് എഎസ്ഐ സുധീർ (40), പാറശാല സ്വദേശി ഷാനിഫ് (37), പൗണ്ട് കോളനി സ്വദേശി ഷജില, പരശുവയ്ക്കൽ സ്വദേശി അരുൺ (37) എന്നിവരെയാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന വനിതയും ശ്യാമും സുഹൃത്തുക്കളായിരുന്നു. പിന്നീട് ശ്യാമുമായി അകന്ന ഇവരെ ഇയാൾ പതിവായി ശല്യപ്പെടുത്തി. ഇവർ തമ്മിൽ നെടുമങ്ങാട് കോടതിയിൽ സിവിൽ കേസുണ്ട്. പ്രശ്നങ്ങൾ പറഞ്ഞു തീർത്തു വിവാഹം കഴിക്കാൻ വേണ്ടിയാണ് സ്ത്രീയെ തട്ടിക്കൊണ്ടു പോയതെന്നാണ് ശ്യാമിന്റെ മൊഴി. വ്യാഴം രാവിലെ 8.30ന് ശ്യാമിന്റെ സുഹൃത്ത് പൊലീസ് ഉദ്യോഗസ്ഥനായ സുധീർ യൂണിഫോമിൽ എത്തി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്നു പറഞ്ഞ് കാറിൽ കൊണ്ട് പോവുകയായിരുന്നു.
ഷജില, ഷാനിഫ് എന്നിവരും കാറിൽ ഉണ്ടായിരുന്നു. വഴിമധ്യേ കാർ നിർത്തി ശ്യാമിന്റെ കാറിൽ കയറ്റി തിരുനെൽവേലിയിലെ ഫാം ഹൗസിൽ എത്തിച്ചു. ഒരുമിച്ചു ജീവിക്കണമെന്ന ശ്യാമിന്റെ ആവശ്യം നിരസിച്ചതോടെ എയർഗൺ ചൂണ്ടി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. രാവിലെ അമ്മയെ കാണാനില്ലെന്നു പറഞ്ഞു മക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് തട്ടിക്കൊണ്ടു പോയതാണെന്നു മനസ്സിലാക്കിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. എആർ ക്യാംപിലെ ഗ്രേഡ് എഎസ്ഐ പാറശാല പരശുവയ്ക്കൽ സ്വദേശി സുധീറിനെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു.