Spread the love

അഗളി: കെഎസ്‌ആര്‍ടിസി ബസ്‌സ്റ്റാൻഡിനു സമീപത്തുള്ള ഇന്ത്യൻ കോഫി ഹൗസ് പരിസരത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ ഏഴംഗ സംഘത്തെ കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാ‌ജരാക്കി റിമാൻഡ് ചെയ്തു.

പാലക്കാട് അട്ടപ്പാടി സ്വദേശിയും കൊണ്ടോട്ടിയിലെ താമസക്കാരനുമായ നിഷാദിനെ(43) യാണു കാറിലെത്തിയ സംഘം കഴിഞ്ഞദിവസം അര്‍ധരാത്രി 12.30ഓടെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ പ്രതികളായ താമരശേരി പുതുപ്പാടി സ്വദേശികളായ മയിലുള്ളാംപാറ സിറാജ് (32), ഉള്ളാട്ടിൻപാറ പി.കെ.ഹുസൈൻ (36), യു.കെ. മുഹമ്മദ് ഇര്‍ഫാൻ (25), വിളഞ്ഞിപ്പിലാക്കല്‍ യു.പി. ദില്‍ഷാദ് (26), പുഴക്കുന്നുമ്മല്‍ പി.കെ. ഹൈദരലി (33), ഓമശേരി പൂനൂര്‍വീട്ടില്‍ കെ. ജുനൈദ് (21), പാലക്കാട് മണ്ണാര്‍ക്കാട് വഴിപറമ്പൻ പരുമ്പട്ടാരി യു.പി. ജഷീര്‍ (46) എന്നിവരെയാണ് താമരശേരി കണ്ണപ്പൻ കുണ്ടുമലയില്‍നിന്ന് കഴിഞ്ഞദിവസം രാത്രിയോടെ നടക്കാവ് പോലീസ് പിടികൂടിയത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഏഴു ലക്ഷം രൂപ നല്‍കാമെന്ന ധാരണയില്‍ സിറാജിന്‍റെ കാര്‍ പണയത്തിനു വാങ്ങിയ നിഷാദ് പണം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നത്. നിഷാദ് കോഴിക്കോട്ടെ ബന്ധുവിന്‍റെ മരണവീട്ടിലേക്ക് വരുന്ന വിവരമറിഞ്ഞ് പ്രതികള്‍ ഇന്ത്യൻ കോഫി ഹൗസിനോടു ചേര്‍ന്നുള്ള ടൂറിസ്റ്റ് ഹോമിനു മുന്നില്‍ കാത്തിരിക്കുകയും ഇയാള്‍ എത്തിയപ്പോള്‍ മര്‍ദിച്ചവശനാക്കി കാറില്‍ കയറ്റിക്കൊണ്ടു പോകുകയുമായിരുന്നു.

ഇയാളെ കടത്തിക്കൊണ്ടു പോകുന്നതു കണ്ട സുരക്ഷാജീവനക്കാരനാണു പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് നടക്കാവ് ഇൻസ്പക്ടര്‍ പി.കെ. ജിജീഷിന്‍റെ നേതൃത്വത്തില്‍ ടൂറിസ്റ്റ് ഹോം ജീവനക്കാരനെ ചോദ്യം ചെയ്യുകയും വാഹനത്തെക്കുറിച്ച്‌ സൂചന ലഭിക്കുകയുമായിരുന്നു. തുടര്‍ന്ന് ടൂറിസ്റ്റ് ഹോമിലെയും സമീപത്തെയും അഞ്ചു സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.

കാറിലെത്തിയ സംഘം നിഷാദിനെ മര്‍ദിക്കുകയും മുണ്ടഴിച്ചു കാല്‍കെട്ടി കാറില്‍ കയറ്റിക്കൊണ്ടു പോകുകയും ചെയ്യുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് നടക്കാവ് എസ്‌ഐ ബിനുമോഹൻ പറഞ്ഞു.

Leave a Reply