Spread the love
കരകൗശല വസ്തുക്കളുടെ മാസ്മരിക ലോകം തീർത്ത് കുരുന്നുകൾ

ബാലാവകാശ കമ്മീഷൻ കരകൗശലമേള ശ്രദ്ധേയമാകുന്നു

ഡ്രീം ക്യാച്ചേഴ്‌സ്, ഗ്ലാസ് പെയിന്റിംഗ്, ബോട്ടിൽ ആർട്ട്, പാവകൾ, പേപ്പർ പേനകൾ, കമ്മലുകൾ എന്നിങ്ങനെ കുരുന്നുകളുടെ കരവിരുതിൽ വിരിഞ്ഞ വ്യത്യസ്ത വസ്തുക്കൾ കൊണ്ട് ഏറെ ശ്രദ്ധേയമാണ് കരകൗശലമേള.

ബാലാവകാശകമ്മീഷന്റെ നേതൃത്വത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനമേളയിൽ പാഴ്‌വസ്തുക്കൾ കൊണ്ടുള്ള നിരവധി കരകൗശല വസ്തുക്കളാണുള്ളത്. ബോട്ടിൽ ആർട്ട് ചെയ്ത കുപ്പികൾ വിപണനത്തിനുണ്ട്. തൂവലുകളും ചരടും ഉപയോഗിച്ച് നിർമ്മിച്ച ഡ്രീം ക്യാച്ചർ പ്രധാന ആകർഷണമാണ്.

എറണാകുളം ജില്ലയിലെ സ്റ്റാൾ കുട്ടികൾ നിർമ്മിച്ച പാവകൾ, ചോക്ലേറ്റുകൾ, വിവിധ പെയിന്റിംഗുകൾ തുടങ്ങിയവയാൽ സമ്പന്നമാണ്. പാലക്കാട് ജില്ലയിലെ വിദ്യാർഥികളുടെ ഗ്ലാസ് പെയിന്റിംഗ് ശ്രദ്ധേയമാണ്. കാർഡ്‌ബോർഡ് കൊണ്ട് ഉണ്ടാക്കിയ ബസ്സുകൾ, സ്ട്രിങ് ആർട്ട്, ചിത്രങ്ങൾ, തുണി കർച്ചീഫുകൾ, മുളകൊണ്ടും ചിരട്ട കൊണ്ടുമുള്ള വിവിധ കരകൗശലവസ്തുക്കൾ, കുട്ടിയുടുപ്പുകൾ, ഡിസൈൻ ചെയ്ത സാരികൾ, ബ്ലൗസുകൾ, ചകിരി കൊണ്ടുള്ള ചവിട്ടികൾ പാത്രങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ട്.

നായ്ക്കല്ല എന്ന ചെടിയിലെ കായ്കൾ കോർത്തെടുത്ത് കുട്ടികൾ നിർമിച്ച പരമ്പരാഗത മാലകൾക്ക് പ്രദർശന വേദിയിൽ ഏറെ പ്രിയമുണ്ട്. കൈകളിൽ ഉപയോഗിക്കാവുന്ന ബാൻഡുകളും ലഭ്യമാണ്. ആദിവാസി വിഭാഗക്കാർ പരമ്പരാഗതമായി ഉപയോഗിക്കുന്ന കാശുമാലയും പ്രദർശനത്തിലുണ്ട്.

വനിതാ ശിശു വികസനം, സാമൂഹ്യനീതി, പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, പൊതു വിദ്യാഭ്യാസം, ആരോഗ്യം, ഫയർഫോഴ്‌സ്, തദ്ദേശ സ്വയംഭരണം, മോട്ടോർ വാഹന വകുപ്പുകളുടെ സ്റ്റാളുകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

നൂറോളം സർക്കാർ, സർക്കാരിതര ശിശു സംരക്ഷണ കേന്ദ്രങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ‘ബെസ്റ്റ് ഓഫ് ഹാപ്പിനസ്- എ മെസ്സേജ് ടു ദി സൊസൈറ്റി’ എന്ന് പേരിട്ടിരിക്കുന്ന പ്രദർശനത്തിൽ പങ്കെടുക്കുന്നത്. സന്ദർശകർക്ക് കരകൗശല വസ്തുക്കൾ വാങ്ങുന്നതിനുള്ള സൗകര്യവും മേളയിലൊരുക്കിയിട്ടുണ്ട്.

Leave a Reply