മേപ്പാടി : കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി ചോലമല മാണിത്തൊടിക കുഞ്ഞവറാൻ (60) കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ എളമ്പിലേരിയിലെ ഏലത്തോട്ടത്തിൽ ജോലിക്കു പോകുന്നതിനിടെയാണു ആക്രമണം. ഏലച്ചെടികൾക്കിടയിലായിരുന്നു മൃതദേഹം. പിന്നാലെ എത്തിയ ജീപ്പ് ഡ്രൈവർ മൺപാതയിൽ ചെരിപ്പും ബാഗും കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.
നേരത്തെ മദ്രസാ അധ്യാപകനായിരുന്ന കുഞ്ഞവറാൻ 2 മാസം മുൻപാണു ഏലത്തോട്ടത്തിൽ ജോലിക്ക് എത്തിയത്. ചോലമലയിലെ താമസ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കുഞ്ഞായിഷയാണ് കുഞ്ഞവറാന്റെ ഭാര്യ. മക്കൾ: ഫർഷിന, ഷെറീന, റസാന, ഷെഫീന, യൂസഫ്. മരുമക്കൾ: നൗഷാദ്, ജംഷീർ, ജംഷീർ.