ന്യൂഡൽഹി∙ ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനെതിരെ വധഭീഷണിയുമായി കാനഡയില്‍ കഴിയുന്ന അധോലോക നേതാവ് ഗോൾഡി ബ്രാർ. ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണു ഗോൾഡി ബ്രാർ വധഭീഷണി ഉയർത്തിയത്. 1998 ൽ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തിൽ ബിഷ്ണോയ് വിഭാഗത്തിനോട് സൽമാൻ മാപ്പ് പറയണമെന്നാണു ഗോൾഡി ബ്രാറിന്റെ ആവശ്യം. ബിഷ്ണോയ് വിഭാഗം വിശുദ്ധമായി കാണുന്ന മൃഗമാണ് കൃഷ്ണമൃഗം.
ഗായകൻ സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയതായും ഇനി സൽമാൻ ഖാനെ വധിക്കുമെന്നുമാണു ഗോൾഡി ബ്രാർ പറഞ്ഞത്. ‘‘സൽമാനെ വധിക്കുന്നത് ജീവിതലക്ഷ്യമാണ്. സൽമാൻ ഖാന് മാപ്പുനൽകില്ലെന്ന് ലോറൻസ് ബിഷ്ണോയ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സൽമാന് എതിരായ മാത്രം കാര്യമല്ല. ശത്രുക്കൾക്ക് എതിരെ ജീവനുള്ള കാലം വരെയും പോരാടും. സൽമാൻ ഞങ്ങളുടെ ലക്ഷ്യമാണ്. ശ്രമിച്ചുകൊണ്ടേയിരിക്കും. വിജയിച്ചുകഴിയുമ്പോൾ നിങ്ങളത് അറിയും’’– ഗോൾഡി ബ്രാർ പറഞ്ഞു.
സൽമാൻ ഖാനെ ഉന്നംവച്ചിട്ടുണ്ടെന്ന് എൻഐഎയോട് നിലവിൽ ജയിലിൽ കഴിയുന്ന സംഘത്തലവൻ ലോറൻസ് ബിഷ്ണോയ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. സിദ്ദു മൂസേവാലയെ കൊന്നത് താനാണെന്നും അഭിമുഖത്തിൽ ഗോൾഡി ബ്രാർ സമ്മതിച്ചു. ‘‘സിദ്ദു മൂസേവാല അഹംഭാവമുള്ള ആളായിരുന്നു. രാഷ്്ട്രീയമായും സാമ്പത്തികമായുമുള്ള മേൽക്കൈ അദ്ദേഹം മുതലെടുത്തിരുന്നു. അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കുക എന്നത് ആവശ്യമായിരുന്നു’’– ഗോൾഡി ബ്രാർ പറഞ്ഞു.