സിനിമയിൽ കാണിക്കുന്ന വയലൻസ് പൊതു സമൂഹത്തെയും ബാധിക്കുന്നുണ്ടോ എന്ന ഗൗരവമേറിയ ചർച്ചയിലാണ് പൊതുസമൂഹവും സോഷ്യൽ മീഡിയയും. മനസാക്ഷിയെ പോലും ഞെട്ടിക്കുന്ന രീതിയിൽ കൊലപാതകങ്ങളും അക്രമ പരമ്പരകളും സമൂഹത്തിൽ പെരുകുന്ന പശ്ചാത്തലത്തിലാണ് ചർച്ചകൾ സജീവമാകുന്നത്.
സിനിമ വളരെയധികം സ്വാധീനമുള്ള ഒരു പൊതു മാധ്യമം ആണെന്നും അത് ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിലും ദൈനംദിന ജീവിതത്തിലുമൊക്കെ വലിയ പങ്കു വഹിക്കുന്നുണ്ട് എന്ന ചർച്ച പുരോഗമിക്കവേ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിരിക്കുകയാണ് ഗതാഗത മന്ത്രിയും നടനുമായ ഗണേഷ് കുമാറും. വിജയ് സിനിമകളിലെ വയലൻസ് രംഗങ്ങളെയും അവിശ്വസനീയതകളെയും ചൂണ്ടി കാണിച്ചായിരുന്നു മന്ത്രിയുടെ വിമർശനം.
‘വിജയ്‌യുടെ സിനിമകൾ കാണുമ്പോൾ ഞാൻ ഓർക്കാറുണ്ട് അദ്ദേഹം രാഷ്ട്രീയത്തിൽ വന്നയാളല്ലേ
പൊതുപ്രവർത്തകൻ അല്ലേ, അദ്ദേഹത്തിന്റെ സിനിമ കണ്ടാൽ 18 പേരെയൊക്കെയാണ്
വെട്ടിവീഴ്ത്തുന്നത്. പൊലീസ് ഈ നാട്ടിൽ ഇല്ലേ എന്ന് നമുക്ക് തോന്നും. അടുത്ത സീനിൽ വീണ്ടും 20 പേരെ വെട്ടി വീഴ്ത്തുകയാണ്. വെട്ടേറ്റ് വീഴുന്ന ഇവർ മരിച്ചാൽ കേസ് ഒന്നുമില്ലേ. സിനിമകളിൽ അടിച്ച് കൊല്ലുന്നതിനും പരാക്രമം കാണിക്കുന്നതിനും ഒന്നും കേസ് ഇല്ല. പൊലീസ് ഇല്ല നാട്ടിൽ. ഇത് എന്ത് സിനിമയാണ്,’ കെ ബി ഗണേഷ് കുമാർ ചോദിച്ചു.
‘നായകന് എന്തും ചെയ്യാം. ഒരാളെ വെട്ടി കൊന്നിട്ട് പിറ്റേ ദിവസം വീണ്ടും കാർ ഓടിച്ചു പോകുകയും പാട്ടു സീനിൽ അഭിനയിക്കുകയും ചെയ്യുകയാണ്. കണ്ടോണ്ട് ഇരിയ്ക്കുന്നവർ മണ്ടന്മാരാണെന്ന് വിചാരിച്ചാണോ ഇങ്ങനെ ചെയ്യുന്നത്. ഇത് വല്ലാതെ സ്വാധീനിക്കുന്നുണ്ട്. കാണിക്കുന്ന ഗോഷ്ടികൾ മനുഷ്യൻ കാണിക്കുന്നത് പോലെ കാണിക്ക്,’ ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
പൊതുസമൂഹത്തിൽ അതിക്രമണങ്ങൾ നിറയുന്ന പശ്ചാത്തലത്തിൽ സിനിമയിലെ വയലൻസ് അതിന് കരണമാകുന്നുണ്ടോ എന്ന വിഷയത്തെ ചൊല്ലിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്. മലയാള സിനിമ മുതൽ ബോളിവുഡും കോളിവുഡും എല്ലാം വിമർശനങ്ങൾക്ക് ഇരയാകുന്നുണ്ട്.