Spread the love

പ്യോങ്ങാങ് ∙ മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള തയാറെടുപ്പിനൊടുവിൽ ഔദ്യോഗിക വിമാനത്തിന്റെ പറക്കൽ അവസാന നിമിഷം ഉപേക്ഷിച്ച് ഉത്തര കൊറിയ. രാജ്യത്തിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ എയർ കൊറിയോയുടെ രാജ്യാന്തര വാണിജ്യ സർവീസാണു നടക്കാതെ പോയത്.കോവിഡ് മഹാമാരി പടർന്നതോടെയാണ് 2020ന്റെ തുടക്കത്തിൽ ഉത്തര കൊറിയയുടെ അതിർത്തികൾ ഭരണാധികാരി കിം ജോങ് ഉൻ അടച്ചതും വിമാന സർവീസ് അവസാനിപ്പിച്ചതും. സർവീസ് പുനഃരാരംഭിച്ചെന്ന് അറിയിച്ചശേഷം സമയക്രമം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാൽ, പറക്കാൻ നിശ്ചയിച്ചതിന്റെ 2 മണിക്കൂർ മുൻപ് അപ്രതീക്ഷിതമായി വിമാനം റദ്ദാക്കിയെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

വിമാനം റദ്ദാക്കിയതിനു വിശദീകരണമൊന്നും ഉത്തര കൊറിയ നൽകിയിട്ടില്ലെന്നു ബെയ്ജിങ് വിമാനത്താവള അധികൃതർ പ്രതികരിച്ചു. ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോങ്ങാങ്ങിൽനിന്നു ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലേക്കു വിമാനസർവീസ് പുനഃരാരംഭിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Leave a Reply