കിന്നാരതുമ്പികൾ ചിത്രത്തിന്റെ നിർമ്മാതാവ് ജീവിതത്തിന്റെ പ്രയാസങ്ങൾക്കിടയിൽ പുതിയ തൊഴിലിൽ ആരംഭിച്ചിരിക്കുകയാണ്. 49 രൂപയ്ക്ക് സിനിമ ബിരിയാണി എന്ന പേരിൽ കൊച്ചിയിൽ ബിരിയണി വിൽക്കുയാണ് ജാഫർ. കൊവിഡ് പ്രതിസന്ധി മൂലം സിനിമ മേഖലയുടെ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചതാണ് ഇങ്ങനെയൊരു തീരുമാനത്തിന് കാരണമെന്ന് അദ്ദേഹം അറിയിച്ചു.
35 വർഷമായി ജാഫറിന്റെ സിനിമ ജീവിതം തുടങ്ങിയിട്ട്. സിനിമ തീയറ്റർ ഓപ്പറേറ്റർ മുതൽ നിർമ്മാതാവ് വരെ നീണ്ടു നിൽക്കുന്നതാണ് സിനിമയിലെ അദ്ദേഹത്തിന്റെ യാത്ര. അതിന് പുറമെ 12 വർഷമായി ഫെഫ്ക ഫെഡറേഷന്റെ വൈസ് ചെയർമാൻ, ഫെഫ്ക മെസ് വർക്കേഴ്‌സ് യൂണിയന്റെ ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം.
ഭക്ഷണം വിൽക്കുന്നത് ഉപജീവന മാർഗ്ഗമാക്കുന്നത് ജാഫറിന് പുത്തരിയല്ല. ഏകദേശം 17 വർഷത്തോളമായി സിനിമ, സീരിയൽ ലൊക്കേഷനുകളിൽ ഭക്ഷണം നൽകി വരുന്നത് ജാഫറാണ്. എന്നാൽ കൊവിഡ് പ്രതിസന്ധിയോടെ വരുമാന മാർഗ്ഗം നിൽക്കുകയായിരുന്നു. ജീവിക്കാൻ മറ്റൊരു വഴിയുമില്ലെന്ന സാഹചര്യത്തിലാണ് അദ്ദേഹം 49 രൂപയ്ക്ക് ബിരിയാണി കച്ചവടം ആരംഭിക്കുന്നതെന്ന് മനോരമക്ക് നൽകിയ അഭിമുഖത്തിൽ ജാഫർ പറയുകയുണ്ടായി.
ജാഫറും ഭാര്യയുമാണ് ആദ്യം കച്ചവടം തുടങ്ങുന്നത്. പിന്നീട് ബിരിയാണിയുടെ ഡിമാന്റ് കൂടിയതോടെ ജോലിക്കാരെ വെക്കേണ്ടതായി വരികയുണ്ടായി. എറണാകുളത്താണ് ജാഫർ കച്ചവടം നടത്തുന്നത്. തമ്മനം, വാഴക്കാല, വെണ്ണല, കലൂർ, പാലാരിവട്ടം എന്നീ പ്രദേശങ്ങളിലാണ് സിനിമ ബിരിയാണിയുടെ കച്ചവടം.