ബിജെപിയെ രാഷ്ട്രീയമായി നേരിടുമെന്ന് പ്രഖ്യാപിച്ച് കിസാൻ മഹാപഞ്ചായത്ത് സമ്മേളനം.
ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ വിവാദ കൃഷി നിയമങ്ങൾക്കെതിരെ പ്രക്ഷോഭം തുടരുമെന്നും ബിജെപിയെ രാഷ്ട്രീയമായി നേരിടുമെന്നും ഉത്തർപ്രദേശിലെ മുസഫർനഗറിൽ ലക്ഷക്കണക്കിനു കർഷകർ അണിനിരന്ന കിസാൻ മഹാപഞ്ചായത്ത് സമ്മേളനം പ്രഖ്യാപിച്ചു.
അടുത്ത വർഷമാദ്യം നടക്കുന്ന യുപി, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ തോൽപിക്കുമെന്നു പ്രതിജ്ഞ ചെയ്ത് ‘മിഷൻ യുപി – ഉത്തരാഖണ്ഡ്’ ദൗത്യത്തിനു 40 കർഷക സംഘടനകൾ തുടക്കമിട്ടു.
അതേസമയം,ഈ മാസം 25നു നടത്താനിരുന്ന ഭാരത് ബന്ദ് 27 ലേക്കു മാറ്റാനും തീരുമാനിച്ചു.ഡൽഹി അതിർത്തികളിൽ തങ്ങളുടെ കുഴിമാടങ്ങൾ ഒരുക്കിയാലും വിജയം കാണും വരെ പിന്നോട്ടില്ലെന്നു ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. കേന്ദ്രം ചർച്ചയ്ക്കു ക്ഷണിച്ചാൽ പങ്കെടുക്കും.
യുപിക്കു പുറമേ പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ സമ്മേളനത്തിൽ പങ്കെടുത്തു. കേരളത്തിൽ നിന്ന് കർഷക സംഘടനകളെ പ്രതിനിധീകരിച്ച് 22 പേർ എത്തി. ഡൽഹിയുടെ അതിർത്തിയിലെ സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിൽ കഴിഞ്ഞ 9 മാസമായി തുടരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ഏറ്റവും വലിയ മഹാപഞ്ചായത്തായിരുന്നു ഇത്.നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വോട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് യുപിയിലും ഉത്തരാഖണ്ഡിലും വീടുകയറി പ്രചാരണം നടത്തും.
പ്രതിപക്ഷത്തെ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുമായി കൈകോർക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. വരും മാസങ്ങളിൽ കൂടുതൽ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കുമെന്നു രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോ ഓർഡിനേറ്റർ കെ.വി.ബിജു പറഞ്ഞു.പതിനഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് അഞ്ച് ലക്ഷം കര്‍ഷകര്‍ മഹാപഞ്ചായത്തിനായെത്തിയെന്ന് കര്‍ഷക സംഘടനകള്‍ അവകാശപ്പെട്ടു. മുസഫിര്‍ നഗറില്‍ കര്‍ഷക സംഘടനകള്‍ സംഘടിപ്പിക്കുന്ന നാലാമത്തെ മഹാപഞ്ചായത്തായിരുന്നു ഇന്ന് നടന്നത്. എന്നാല്‍, തെരഞ്ഞെടുപ്പുകളെ കര്‍ഷക പ്രതിഷേധം ബാധിക്കില്ലെന്ന് ബിജെപി നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിച്ചു.