കാരവാനിൽ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിക്കുന്നുവെന്ന നടി രാധിക ശരത്കുമാറിന്‍റെ വെളിപ്പെടുത്തൽ ഞെട്ടിച്ചെന്ന് കെ കെ രമ എംഎൽഎ. കാരവാൻ സൗകര്യങ്ങൾ ഉണ്ടെങ്കിൽ സുരക്ഷിതരാണ് എന്നല്ലേ നടിമാർ കരുതിയിരുന്നത്? എന്തൊരു ക്രൂരമാണീ സിനിമാലോകമെന്നും കെ കെ രമ ചോദിക്കുന്നു.
“സിനിമാ സെറ്റുകളിൽ കാരവാനിൽ ഒളിക്യാമറ വെച്ച് നഗ്ന വീഡിയോ എടുക്കുന്നു എന്നാണല്ലോ രാധിക ശരത്കുമാറിന്‍റെ വെളിപ്പെടുത്തലിലൂടെ മനസ്സിലാകുന്നത്. എന്തൊരു ക്രൂരമാണീ സിനിമാലോകം, എന്തൊരു അധോലോകമാണിത്? കാരവാൻ സൗകര്യങ്ങൾ ഉണ്ടെങ്കിൽ സുരക്ഷിതരാണ് എന്നല്ലേ നടിമാർ കരുതിയിരുന്നത്? വസ്ത്രം മാറാനും ടോയ്‍ലറ്റിൽ പോവാനും സുരക്ഷിതം എന്നല്ലേ കരുതിയിരുന്നത്. അങ്ങനെ കരുതിയിരുന്നവർക്ക് ഇടയിലേക്കല്ലേ ഈ ഞെട്ടിക്കുന്ന വാർത്ത വന്നത്? ഇതുപോലെ ഞെട്ടിക്കുന്ന വിവരങ്ങൾ സർക്കാരിന്‍റെ പക്കലുണ്ടായിട്ട് ഒരു നടപടിയുമെടുക്കാതെ വച്ചു എന്നത് വലിയ കുറ്റമാണ്”- കെ കെ രമ പ്രതികരിച്ചു.