വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശത്ത് ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ പഠനത്തിൻ്റെ ആദ്യഘട്ട റിപ്പോർട്ട് പൂർത്തിയായെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. സ്റ്റാറ്റ്യൂട്ടറി കമ്മിറ്റി പഠിച്ച ശേഷം സർക്കാരിലേക്ക് റിപ്പോര്‍ട്ട് എത്തും. ഇതിനുശേഷം തുടര്‍ നടപടി സ്വീകരിക്കും. മുണ്ടക്കൈ ഉരുൾപൊട്ടൽ മേഖലയിൽ ജനജീവിതം സാധ്യമാണോ എന്നാണ് പരിശോധിക്കുന്നത്. ഈ മേഖലയിൽ തുടർ താമസം സാധ്യമല്ല എങ്കിൽ അതിനനുസരിച്ച് പുനരധിവാസം നടപ്പാക്കും. ക്യാമ്പിൽ കഴിയുന്നവരുടെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണ്. അവർക്ക് ബദൽ താമസ സൗകര്യം ഉറപ്പാക്കിയ ശേഷമേ ക്യാമ്പുകൾ അവസാനിപ്പിക്കുകയുള്ളു.
ദുരന്ത ബാധിതര്‍ താമസിക്കുന്ന വാടക വീടിന് ഉൾപ്പെടെ അമിത ഡെപ്പോസിറ്റ് വാങ്ങിയാൽ കർശന നടപടിയുണ്ടാകും. വാടക വീടിന് മുൻകൂറായി തുക ആവശ്യപ്പെടുന്നുവെന്നും കൂടുതല്‍ തുക ഡെപ്പോസിറ്റിയാ ചോദിക്കുന്നുവെന്നുമുള്ള പരാതി നേരത്തെ ഉയര്‍ന്നിരുന്നു. ദുരന്തം ചൂഷണത്തിനുള്ള അവസരമായി കരുതുന്നവരെ നിയന്ത്രിക്കാൻ സർക്കാരിന് അറിയാമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.ഒരു ദുരന്തങ്ങളെയും കുറച്ച് കാണുന്നില്ല. വിലങ്ങാടിനും ഉടൻ സഹായം നൽകുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.