വെളുത്തുള്ളിയുടെ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കുമറിയാം. എന്നാൽ കറുത്ത വെളുത്തുള്ളി നൽകുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ച് പലർക്കും അറിയണമെന്നില്ല. പൊതുവെ ജനങ്ങൾക്കിടയിൽ അത്ര സുപരിചിതമല്ലാത്ത ഒന്നാണ് ബ്ലാക്ക് ഗാർളിക് (Black Garlic) എന്ന് വിളിക്കുന്ന കറുത്ത വെളുത്തുള്ളി.
നിയന്ത്രിതമായ ഉയർന്ന താപനിലയിൽ ആഴ്ചകളോളം സൂക്ഷിച്ച് തയ്യാറാക്കുന്ന ഒന്നാണ് ബ്ലാക്ക് ഗാർളിക്. ഫെർമെന്റേഷൻ പ്രക്രിയക്ക് ശേഷം ലഭിക്കുന്ന വെളുത്തുള്ളി കറുത്ത നിറമാവുകയും മൃദുലമായ രൂപത്തിൽ ലഭിക്കുകയും ചെയ്യും. ചെറിയൊരു മധുരവും അൽപം പുളിയും നിറഞ്ഞ രുചിയിലേക്ക് വെളുത്തുള്ളി മാറുന്നു. ഫെർമെന്റേഷൻ പ്രക്രിയക്കിടെ വെളുത്തുള്ളിക്ക് സംഭവിക്കുന്ന മാറ്റങ്ങളാണ് ഇതിന്റെ ആരോഗ്യഗുണങ്ങൾ വർദ്ധിപ്പിക്കുന്നത്.
നിരവധി വിഭവങ്ങൾ തയ്യാറാക്കുന്നതിന് ബ്ലാക്ക് ഗാർളിക് ഉപയോഗിക്കാം. ചില ഡിഷുകൾക്ക് ടോപ്പിംഗ് ആയി വിതറാനും സാലഡിന് വേണ്ട മയോണൈസിൽ ചേർക്കാനും സോസുകൾ തയ്യാറാക്കാനും ചുട്ടെടുക്കുന്ന കോഴി, മത്സ്യം എന്നിവയിൽ ചേർക്കാനുമെല്ലാം കറുത്ത വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്. കറുത്ത വെളുത്തുള്ളി ചതച്ച് പേസ്റ്റ് രൂപത്തിലാക്കി ചീസിൽ ചേർത്ത് ബ്രഡിൽ പുരട്ടിയും കഴിക്കാവുന്നതാണ്.
കറുത്ത വെളുത്തുള്ളി നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും ഈ കണ്ടെത്തലുകൾ പൂർണ്ണമായി സ്ഥിരീകരിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്നാണ് പറയപ്പെടുന്നത്.
കറുത്ത വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങൾ:
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് കറുത്ത വെളുത്തുള്ളി. ഇത് ശരീരത്തെ കൂടുതൽ ആരോഗ്യപരമായിരിക്കാൻ സഹായിക്കുന്നു.
കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും കറുത്ത വെളുത്തുള്ളി നല്ലതാണ്. S-allyl cysteine പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ സാന്നിധ്യമാണ് ഇതിന് സഹായിക്കുന്നത്.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പൊതുവേ പേരുകേട്ടതാണ് വെളുത്തുള്ളി. കറുത്ത വെളുത്തുള്ളിയാകുമ്പോൾ അതിന്റെ ഫലവും കൂടുന്നു.
പ്രമേഹ രോഗികൾക്ക് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ കറുത്ത വെളുത്തുള്ളി സഹായിക്കും. മാത്രവുമല്ല ഇതിലുള്ള S-allyl cysteine, allicin തുടങ്ങിയ സംയുക്തങ്ങൾ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുമെന്നാണ് പറയപ്പെടുന്നത്