കൊച്ചി: കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് പ്രതിയായ മാർട്ടിൻ ജോസഫിനെ സഹായിച്ച മൂന്നുപേർ പൊലീസ് പിടിയിൽ.

പ്രതിക്ക് തൃശൂരിൽ ഒളിത്താവളം ഒരുക്കിയവരാണ് പിടിയിലായത്. ഇവർ ഉപയോഗിച്ച വഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.പ്രതി മാർട്ടിൻ ജോസഫിനെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം.കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വെച്ച് കണ്ണൂർ സ്വദേശിനിയായ യുവതിക്കാണ് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്.പിന്നീട് കഴിഞ്ഞവർഷം ലോക്ക്ഡൗൺ സമയത്ത് കൊച്ചിയിൽ കുടുങ്ങുകയും സുഹൃത്തായ മാർട്ടിന്റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ ഇരുവരും ഒരുമിച്ച് താമസം ആരംഭിക്കുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി മുതൽ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയും,നഗ്നവീഡിയോ ചിത്രീകരിക്കുകയും ചെയ്തതായി യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചതോടെ പൊള്ളൽ ഏൽപ്പിക്കുകയും, ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തതായും യുവതി പറയുന്നു.ഒടുവിൽ ഇയാൾ ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയ സമയത്ത് യുവതി രക്ഷപ്പെട്ടോടി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ പോലീസ് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നു കണ്ട യുവതി തുടർന്ന് മാധ്യമങ്ങളെ സമീപിക്കുകയായിരുന്നു.പ്രതിയുടെ ഭാഗത്തുനിന്നും തനിക്കും,കുടുംബത്തിനും, സുഹൃത്തുക്കൾക്കും വധഭീഷണി ഉണ്ടായതയും യുവതി വ്യക്തമാക്കി.എന്നാൽ,പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാണെന്നും, ഉടനെ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.