ലോകനിലവാരത്തിലുള്ള ബോട്ട് സര്‍വീസുമായി കൊച്ചി വാട്ടര്‍ മെട്രോ ഒരുങ്ങുന്നു. ഇന്ത്യയില്‍ ഒരിടത്തും ലഭിക്കാത്ത മികച്ച യാത്രാ സൗകര്യങ്ങളോടെയാണ് കേരളത്തിന്റെ സ്വന്തം വാട്ടര്‍ മെട്രോ കൊച്ചിയില്‍ യഥാര്‍ഥ്യമാകുന്നത്. തീര്‍ത്തും സുരക്ഷിതമായ യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ലൈഫ് ജാക്കറ്റ് ബോട്ടിലുണ്ട്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ബോട്ടിലിരുന്ന് സുതാര്യമായ ഗ്ലാസിലൂടെ കായല്‍ കാഴ്ചകള്‍ പൂര്‍ണമായും ആസ്വദിച്ച് യാത്രചെയ്യാം. ജലഗതാഗതത്തില്‍ ഏറെ പുതുമകള്‍ സൃഷ്ടിച്ച ആദ്യ പവേര്‍ഡ് ഇലക്ടിക് ബോട്ടായ മുസ്‌രിസ് എന്ന് പേരിട്ടിരിക്കുന്ന ബോട്ടാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്കായി ഉപയോഗിക്കുന്നത്. ട്രയല്‍റണ്‍ പൂര്‍ത്തിയാക്കിയ ബോട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കായി വൈറ്റിലയില്‍ നിന്ന് കാക്കനാട്‌വരെയും തിരിച്ചും സര്‍വീസ് നടത്തി.
വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ആണ് ബോട്ട് നിര്‍മിച്ചിരിക്കുന്നത്. വാട്ടര്‍ മെട്രോയുടെ ഭാഗമായി നിര്‍മിക്കുന്ന 23 ബോട്ടുകളില്‍ ആദ്യത്തേതാണ് ഈ ബോട്ട്. ബാക്കിയുള്ളവ നവംബറോടെ കൈമാറുമെന്നാണ് ഷിപ്പ് യാര്‍ഡ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നാലു ബോട്ടുകള്‍ കൂടി ലഭിച്ചാല്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 50 പേര്‍ക്ക് ഇരുന്നും 50 പേര്‍ക്ക് നിന്നും ആകെ 100 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാന്‍ കഴിയും. പാസഞ്ചര്‍ കൗണ്ടിങ് സിസ്റ്റം ഉപയോഗിച്ചാകും യാത്രക്കാര്‍ക്ക് പ്രവേശനം.
ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടെന്ന പുതുമയുമുണ്ട് ഇതിന്. ലോകത്ത് തന്നെ ആദ്യമായാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശൃംഖല. വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. 10-15 മിനിറ്റ് കൊണ്ട് ചാര്‍ജ് ചെയ്യാം. യാത്രക്കാര്‍ കയറി, ഇറങ്ങുമ്പോള്‍ പോലും ആവശ്യമെങ്കില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ട്. എട്ട് നോട്ട് (നോട്ടിക്കല്‍ മൈല്‍ പെര്‍ അവര്‍) ആണ് ബോട്ടിന്റെ വേഗത.
വൈറ്റില ഹബിലെ ഓപ്പറേറ്റിംഗ് കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് ഓട്ടോമാറ്റിക്കായി ബോട്ടിന്റെ സഞ്ചാരം നിരീക്ഷിക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്. രാത്രി യാത്രയില്‍ ബോട്ട് ഓപ്പറേറ്റര്‍ക്ക് സഹായമാകുന്നതിന് തെര്‍മല്‍ കാമറയും സജ്ജീകരിച്ചിട്ടുണ്ട്. ബോട്ടുകളില്‍ റഡാര്‍ സംവിധാനവുമുണ്ടാകും.