കോടനാട് എസ്റ്റേറ്റ് കൊള്ള, കൊലക്കേസിൽ പ്രത്യേക അന്വേഷണ സംഘം വി കെ ശശികലയെ ചോദ്യം ചെയ്യുന്നു. ചെന്നൈ ടി നഗറിലെ വീട്ടിൽ വച്ചാണ് ശശികലയെ ചോദ്യം ചെയ്യുന്നത്. 2017 ഏപ്രിലിലാണ് ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റ് കൊള്ളയടിക്കപ്പെട്ടത്. രാത്രി പത്തരയ്ക്ക് എസ്റ്റേറ്റിന്‍റെ എട്ടാം ഗേറ്റിൽ രണ്ട് കാറുകളിൽ എത്തിയ പന്ത്രണ്ടംഗ സംഘം കാവൽക്കാരനായിരുന്ന ഓം ബഹദൂറിനെ കൊലപ്പെടുത്തിയ ശേഷം എസ്റ്റേറ്റ് കൊള്ളയടിച്ചു. ശശികല അനധികൃത സ്വത്ത് സമ്പാദന കേസിൽ ബംഗളൂരുവിലെ ജയിലിൽ തടവിലായിരുന്ന സമയത്താണ് ഇതു. കൊള്ള സംഘത്തിലുണ്ടായിരുന്ന ജയലളിതയുടെ ഡ്രൈവറായിരുന്ന സേലം എടപ്പാടി സ്വദേശി കനകരാജ് സംഭവം നടന്ന് ഏറെക്കഴിയും മുമ്പ് ചെന്നൈ സേലം ഹൈവേയിൽ നടന്ന വാഹനാപകടത്തിൽ ദുരൂഹമായി മരിച്ചു. പിന്നീട് രണ്ടാം പ്രതിയും വടക്കഞ്ചേരി സ്വദേശിയുമായി കെ.വി.സൈനിന്‍റെ വാഹനം അപകടത്തിൽപ്പെട്ട് ഭാര്യയും കുട്ടിയും മരിച്ചു. കോടനാട് എസ്റ്റേറ്റിലെ ഡിടിപി ഓപ്പറേറ്റർ മാസങ്ങൾക്ക് ശേഷം ആത്മഹത്യ ചെയ്യുകയും ചെയ്തു.
എസ്റ്റേറ്റിലുണ്ടായിരുന്നത് എന്തൊക്കെയെന്ന് ജയലളിതയുടെ വിശ്വസ്ഥയായിരുന്ന ശശികലയ്ക്ക് അറിയാമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. എസ്റ്റേറ്റിൽ ഉണ്ടായിരുന്ന വസ്തുവകകളും രേഖകളും എന്തൊക്കെ എന്നാണ് അന്വേഷണ സംഘം പ്രധാനമായും ചോദിച്ചറിയുന്നത്. ജയലളിതയുടെ സ്വത്ത് വകകളും പാർട്ടിയിലെ പല പ്രമുഖരേയും സംബന്ധിച്ച രഹസ്യരേഖകളും കോടനാട് എസ്റ്റേറ്റിലാണ് സൂക്ഷിച്ചിരുന്നതെന്നാണ് അഭ്യൂഹം. കേസിലെ പ്രതി കെ.വി.സൈൻ നീലഗിരി ജില്ലാ കോടതിയിൽ നിന്ന് കേസിൽ കൂടുതൽ അന്വേഷണം നടത്താൻ ഉത്തരവ് സമ്പാദിച്ചത് പ്രകാരമാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.