
തിരുവനന്തപുരം : സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തലസ്ഥാനത്തു പൊതുദർശനത്തിനു വയ്ക്കണമെന്നു കുടുംബം സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നതായി ഭാര്യ വിനോദിനി ബാലകൃഷ്ണൻ വെളിപ്പെടുത്തി. ചെന്നൈയിലെ ആശുപത്രിയിൽ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോട് കോടിയേരിയുടെ മക്കളായ ബിനോയിയും ബിനീഷും ഇക്കാര്യം പറഞ്ഞിരുന്നു. അച്ഛന്റെ ആഗഹവും അതായിരുന്നെന്ന് അവർ പറഞ്ഞതാണ്– : മനോരമ ഓൺലൈൻ ‘ക്രോസ് ഫയർ’ അഭിമുഖത്തിൽ വിനോദിനി പറഞ്ഞു.
കോടിയേരിയുടെ വേർപാടിന്റെ ഒന്നാം വാർഷിക വേളയിലാണ് വിനോദിനിയുടെ ഈ തുറന്നു പറച്ചിൽ. സിപിഎം സംസ്ഥാന സെക്രട്ടറിയായും മന്ത്രിയായും കോടിയേരി നിറഞ്ഞു നിന്ന തലസ്ഥാനത്ത് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാനുള്ള അവസരം ഒരുക്കാത്തത് പാർട്ടിയിൽ നേരത്തേ വിവാദം സൃഷ്ടിച്ചിരുന്നു. കുടുംബത്തെ വിശ്വാസത്തിലെടുത്തു തന്നെയാണ് തീരുമാനം എടുത്തതെന്ന സിപിഎമ്മിന്റെ വിശദീകരണമാണ് വിനോദിനി നിരാകരിച്ചത്.
‘‘എനിക്കും ഉണ്ടല്ലോ, ആ വിഷമം. ആരോടു പറയാൻ കഴിയും? അന്ന് ഞാൻ ഓർമയും ബോധവും നഷ്ടപ്പെട്ട നിലയിലാണ്. ബിനോയിയും ബിനീഷും അക്കാര്യം പറഞ്ഞിരുന്നു. സത്യം സത്യമായി പറയണമല്ലോ. മാഷേ അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്നു പറഞ്ഞു. അപ്പോൾ, അതല്ല, എന്തു തിരിച്ചു പറഞ്ഞു എന്നൊന്നും എനിക്കറിയില്ല. എന്തായാലും തിരുവനന്തപുരത്ത് കൊണ്ടുപോയില്ല. നടന്നില്ല, ഇനി സാരമില്ല, അതു കഴിഞ്ഞു. അതിന്റെ പേരിൽ പുതിയ വിവാദം വേണ്ട – വിനോദിനി പറഞ്ഞു.