Spread the love
കൊടുമുണ്ട റെയിൽവേ സ്റ്റേഷൻ പ്രവർത്തനം അവസാനിപ്പിച്ചു

പട്ടാമ്പി: പട്ടാമ്പിക്കും
പള്ളിപ്പുറത്തിനുമിടയിലുള്ള കൊടുമുണ്ട റെയിൽവേ സ്റ്റേഷൻ പ്രവർത്തനം നിർത്തി. ഇതോടെ ഇല്ലാതാവുന്നത് അരനൂറ്റാണ്ടിലധികം ഗ്രാമീണമേഖലയ്ക്ക് ആശ്രയമായിരുന്ന സ്റ്റേഷൻകൂടിയാണ്.
മുതുതല, പരുതൂർ പഞ്ചായത്തുകളിലെ യാത്രക്കാർ ആശ്രയിച്ചിരുന്ന കൊടുമുണ്ട റെയിൽവേ സ്റ്റേഷൻ വരുമാനമില്ലാത്തതിനാലാണ് പ്രവർത്തനം അവസാനിപ്പിച്ചത്. ഹാൾട്ട് ഏജന്റുമാർ (ടിക്കറ്റ് നൽകാൻ കരാറെടുക്കുന്നവർ) സ്റ്റേഷൻ ഏറ്റെടുക്കാൻ തയ്യാറാവാത്തതോടെ അടച്ചുപൂട്ടാൻ റെയിൽവേ തീരുമാനിക്കുകയായിരുന്നു. കോവിഡ് അടച്ചുപൂട്ടലിനുമുമ്പ് സജീവമായിരുന്ന സ്റ്റേഷനിൽ, കോവിഡിനുശേഷം വണ്ടികൾ ഓടിത്തുടങ്ങിയിട്ടും സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല. പാസഞ്ചറുകൾ എക്സ്‌പ്രസ് ട്രെയിനുകളാക്കി മാറ്റിയതോടെ ചെറിയ സ്റ്റേഷനുകളുടെ സ്റ്റോപ്പ് എടുത്തുകളയുകയും ചെയ്തു. നിലവിൽ പാസഞ്ചറുകൾ സർവീസ് തുടങ്ങിയെങ്കിലും കൊടുമുണ്ടയിൽ സ്റ്റോപ്പില്ല.‌ ഷൊർണൂർ-കണ്ണൂർ എക്സ്‌പ്രസ് തിരിച്ചുവരുമ്പോൾ മാത്രമാണ് കൊടുമുണ്ടയിൽ നിർത്തുക. ഇവിടെനിന്ന്‌ ഷൊർണൂർവരെയുള്ള ചെറിയദൂരത്തേക്ക് യാത്രക്കാരില്ലാത്തതും പ്രശ്നമാണ്.
കൊടുമുണ്ടപോലുള്ള. വരുമാനം കുറഞ്ഞ ചെറിയ സ്റ്റേഷനുകൾ കമ്മിഷൻ വ്യവസ്ഥയിൽ ഹാൾട്ട് ഏജന്റുമാർക്ക് വിട്ടുനൽകുകയാണ് റെയിൽവേ ചെയ്യുക. മൊത്തം ടിക്കറ്റ് തുകയുടെ 15 ശതമാനം കമ്മിഷനാണ് ഏറ്റെടുക്കുന്നവരുടെ ലാഭം. ചെറിയലാഭത്തിന് സ്റ്റേഷൻ ഏറ്റെടുക്കാൻ ആരും മുന്നോട്ടുവരാത്തതും പ്രശ്നമാണ്. മുമ്പൊക്കെ കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള നിരവധി യാത്രക്കാർ കൊടുമുണ്ടയിലെത്തിയിരുന്നു. തൃശ്ശൂർ-കണ്ണൂർ, ഷൊർണൂർ-കോഴിക്കോട്, തൃശ്ശൂർ-കോഴിക്കോട് പാസഞ്ചറുകൾക്കാണ് കൊടുമുണ്ടയിൽ സ്റ്റോപ്പുണ്ടായിരുന്നത്. ദിവസേന ആറുതവണ സ്റ്റേഷനിൽ വണ്ടികൾ നിർത്തിയിരുന്നു. രാവിലെയുള്ള തൃശ്ശൂർ-കണ്ണൂർ പാസഞ്ചറിൽ കോഴിക്കോട്ടേക്ക് വിവിധ ആവശ്യങ്ങൾക്കായി പോകുന്നവർ കൊടുമുണ്ട സ്റ്റേഷനിൽനിന്ന്‌ കയറിയിരുന്നു.

മുതുതല പഞ്ചായത്തിലെ വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, ആശുപത്രിയിലേക്കുള്ള രോഗികൾ, കച്ചവടവുമായി പോകുന്നവർ എന്നിവർക്കൊക്കെ ആശ്രയമായിരുന്നു ഈ സ്റ്റേഷൻ. ഇവർക്കൊക്കെ ഇനി തീവണ്ടിയാത്രയ്ക്കായി പട്ടാമ്പിയിലേക്കോ പള്ളിപ്പുറത്തേക്കോ എത്തണം.

സർവകക്ഷിയോഗം വിളിക്കും
റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടിയ സാഹചര്യത്തിൽ സർവകക്ഷിയോഗം വിളിക്കാൻ തീരുമാനമായിട്ടുണ്ടെന്ന് മുതുതല ഗ്രാമപ്പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സി. മുകേഷ് പറഞ്ഞു. 15-ന് നടക്കുന്ന യോഗത്തിൽ ഭാവികാര്യങ്ങൾ തീരുമാനിക്കും.

Leave a Reply