കൊല്ലം∙ കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ കോളജ് വിദ്യാർഥിനി മരിച്ചു. അഞ്ചാലുമ്മൂട് തൃക്കടവൂർ മതിലിൽ കുന്നത്തുകിഴക്കതിൽ ദിലീപിന്റെ മകൾ ഗോപിക (18) ആണ് മരിച്ചത്. കൊല്ലം ടികെഎം കോളജിലെ രണ്ടാം വർഷ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥിനിയാണ് ഗോപിക.
പിതാവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ ഇന്നു രാവിലെ 7.40നാണ് അപകടമുണ്ടായത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനും റെയിൽവേ സ്റ്റേഷനും അടുത്തുവച്ചായിരുന്നു അപകടം. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് ഗോപിക സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചത്. തെറിച്ചുവീണ ഗോപികയുടെ ദേഹത്തുകൂടി ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി.