പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ വിജയ് സിനിമാ അഭിനയത്തിന് വിരാമമിടാന്‍ പോകുകയാണ് എന്ന വാര്‍ത്ത ഞെട്ടലോടെയാണ് വിജയ് ആരാധകർ ഏറ്റുവാങ്ങിയത്. ദളപതി 69 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തോടെ സിനിമാ കരിയറിന് വിജയ് ഫുൾ സ്റ്റോപ്പ് ഇടുകയാണ്. എച്ച് വിനോദ് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റേതായി വരുന്ന ഓരോ അപ്ഡേറ്റുകളെയും ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.
ഇപ്പോഴിതാ ദളപതി 69 ലൂടെ വിജയ്ക്ക് ഗംഭീര ഫെയർവെല്ലാണ് കോളിവുഡ് നൽകാൻ ഒരുങ്ങുന്നതെന്ന വാര്‍ത്തകള്‍ പുറത്തുവരികയാണ്.വിജയ്‌യുടെ പടത്തിന് സംഗീതമൊരുക്കുന്നത് അനിരുധ് രവിചന്ദറാണെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. എഡിറ്റിംഗ് പ്രദീപ് ഇ രാഗവ് നിർവഹിക്കും. സ്റ്റാർ, കോമാളി, ലവ് ടു ഡേ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റിംഗ് ഇദ്ദേഹമായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം സത്യൻ സൂര്യനാണെന്നും പറയപ്പെടുന്നു. ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കാം.