മലപ്പുറം കൊണ്ടോട്ടിയിൽ ആൾക്കൂട്ട കൊലപാതകത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളിയായ ബിഹാർ സ്വദേശി രാജേഷ് മഞ്ചിയുടെ മരിച്ച സംഭവത്തിൽ പ്രതികളുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. കൊണ്ടോട്ടി കിഴിശ്ശേരിയിൽ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് 300 മീറ്റർ മാറി മറ്റൊരു വീട്ടിൽ നിന്നാണ് അവശനായ നിലയിൽ രാജേഷിനെ കണ്ടെത്തിയത്.
പൊലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം തന്നെ മരണം സംഭവിച്ചിരുന്നതായി എസ്പി വ്യക്തമാക്കിയിരുന്നു.കൊല്ലപ്പെട്ട രാജേഷ് മഞ്ജിയെ കണ്ടെത്തിയ അലവിയുടെ വീടിന് പരിസരത്ത് വെച്ചാണ് മർദ്ദനം നടത്തിയതെന്ന് പ്രതികൾ മൊഴി നൽകി.
തുടർന്ന്, 50 മീറ്റർ അകലെയുള്ള അങ്ങാടിയിലേക്ക് രാജേഷ് മഞ്ജിയെ വലിച്ചഴച്ചു കൊണ്ട് പോയി. അങ്ങാടിയിൽ ഉണ്ടായിരുന്ന സിസിടിവിയുടെ പവർ ഓഫ് ചെയ്ത ശേഷമാണ് വീണ്ടും മർദിച്ചത്. രാജേഷിനെ കൊണ്ട് വരുന്ന വരെയുള്ള ദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞിട്ടുണ്ട്. വലിച്ചിഴച്ചു കൊണ്ട് പോകുമ്പോൾ രാജേഷിന് ജീവൻ ഉണ്ടായിരുന്നു എന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. ജോലിക്കായാണ് രാജേഷ് മാഞ്ചി കിഴിശ്ശേരിയിൽ എത്തിയത്.
ഇതിനിടെ, ഈ വിഷയത്തിൽ പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന സൈനുൽ ആബിദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തെളിവ് നശിപ്പിച്ചതിനാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്. ഇതോടെ അറസ്റ്റിൽ ആയവരുടെ എണ്ണം 9 ആയി. രണ്ടു ദിവസം മുന്പായിരുന്നു സംഭവം നടക്കുന്നത്. സംഭവത്തിൽ ആദ്യ ഘട്ടത്തിൽ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മോഷണ ശ്രമത്തിനിടെ വീടിൻ്റെ ടെറസിൽ നിന്ന് വീണ് പരുക്കേറ്റതാണെന്നാണ് കസ്റ്റഡിയിലുള്ളവർ മൊഴി നൽകിയത്. പോസ്റ്റ്മോർട്ടത്തിൽ രാജേഷിന് മർദനമേറ്റെന്ന് കണ്ടെത്തുകയായിരുന്നു.