സംവിധായകരായ സിബി മലയിലും രഞ്ജിത്തും നീണ്ട 22 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടു. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. ‘കൊത്ത്’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടു. വേറിട്ട പേര് എന്നാണ് സിനിമാപ്രേമികൾ ഒന്നടങ്കം ടൈറ്റിലിനെ കുറിച്ച് പറയുന്നത്.
മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ സമ്മർ ഇൻ ബെത്‌ലഹേമിനു ശേഷം സംവിധായകരായ സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ‘കൊത്ത്’. ആസിഫ് അലിയാണ് ഈ ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തുന്നത്. റോഷൻ മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് വളരെ സവിശേഷതയുള്ള ദിവസത്തിലായിരുന്നു. 10 10 2020 എന്ന അപൂർവസംഖ്യ വരുന്ന ദിവസമായ ഒക്ടോബർ പത്തിനായിരുന്നു ഷൂട്ടിംഗിന് തുടക്കം കുറിച്ചത്
രഞ്ജിത്തും സുഹൃത്ത് പി.എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്ബനിയുടെ ബാനറിലാണ് ‘കൊത്ത്’ നിർമിക്കുന്നത്. രഞ്ജിത്ത്, വിജിലേഷ് , സുരേഷ് കൃഷ്ണ, അതുൽ, നിഖില വിമൽ, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതനായ ഹേമന്ദ് കുമാറാണ്. സിബി മലയിൽ ഇപ്പോൾ തന്റെ ചിത്രത്തിലൂടെ നാടക രംഗത്ത് സജീവമായ ഹേമന്ദിനെ സിനിമയിലേക്ക് എത്തിക്കുകയാണ്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശാന്ത് രവീന്ദ്രനാണ്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ഹിറ്റ് ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകൻ കൈലാസ് മേനോനാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അഗ്‌നിവേശ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ, പി ആർ ഒ – ആതിര ദിൽജിത്ത്.