Spread the love
കോട്ടയം സ്വദേശിയെ കപ്പലിൽ നിന്ന് കാണാതായി..! സംഭവം അമേരിക്കയിലേക്കുള്ള യാത്രക്കിടെ; ബന്ധുക്കളെ വിവരം അറിയിച്ച് കമ്പനി

കോട്ടയം: കുറിച്ചി സ്വദേശിയായ യുവാവിനെ സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ കാണാതായതായി റിപ്പോർട്ട്. യുവാവിനെ കാണാനില്ലെന്നു കാട്ടി കമ്പനി അധികൃതരാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. കുറിച്ചി ഔട്ട് പോസ്റ്റിനു സമീപം വലിയിടത്തറ വീട്ടിൽ ജസ്റ്റിൻ കുരുവിളയെ (30) കാണാനില്ലെന്നാണ് ബന്ധുക്കളെ കപ്പൽ അധികൃതർ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ ചിങ്ങവനം പോലീസിനു പരാതി നൽകുമെന്നു ബന്ധുക്കൾ അറിയിച്ചു.

നാലു വർഷം മുൻപാണ് ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച ജസ്റ്റിൻ സ്ട്രീം അറ്റ്‌ലാൻഡിക്ക് എന്ന കപ്പലിൽ അസിസ്റ്റന്റ് കുക്കായി ജോലിയ്ക്കു പ്രവേശിച്ചത്. കഴിഞ്ഞ 31 നാണ് സ്ട്രീം അറ്റ്‌ലാൻഡിക്ക് സൗത്ത് ആഫ്രിക്കയിലെ തീരത്തു നിന്നും യാത്ര പുറപ്പെട്ടത്. കപ്പൽ, ഫെബ്രുവരി 23 നാണ് അമേരിക്കൻ തീരത്ത് എത്തിച്ചേരുക. ഈ യാത്രയ്ക്കിടയിൽ ജസ്റ്റിനെ കാണാതായെന്നാണ് ബന്ധുക്കളെ ബുധനാഴ്ച രാവിലെ കപ്പൽ അധികൃതർ അറിയിച്ചത്. ജസ്റ്റിൻ്റെ സഹോദരനെ ആദ്യം ഫോണിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചു. ഇതിനു പിന്നാലെ ഉച്ചയോടെ ഇ മെയിലും ലഭിച്ചു.

ഇതോടെ ബന്ധുക്കൾ ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖിനെ ബന്ധപ്പെടുകയായിരുന്നു. വൈശാഖ് ആദ്യം കൊടിക്കുന്നിൽ സുരേഷ് എംപിയെയും, ശശി തരൂർ എംപിയെയും ബന്ധപ്പെട്ടു. ഇതിനു ശേഷം വൈശാഖിൻ്റെ നിർദേശാനുസരണം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എംഎൽഎയ്ക്കു നിവേദനം നൽകി. വിഷയത്തിൽ കേന്ദ്ര ഷിപ്പിങ് മന്ത്രാലയവുമായി ബന്ധപ്പെടാമെന്ന് ഉമ്മൻ ചാണ്ടി ഉറപ്പും നൽകി. ഇതിനിടെ, അഡ്വ. ജോബ് മൈക്കിൾ എംഎൽഎയും സ്ഥലത്ത് എത്തി ബന്ധുക്കൾക്ക് ആശ്വാസം ഏകുകയും ചെയ്തു.

കഴിഞ്ഞ ഞായറാഴ്ചയാണ് ജസ്റ്റിൻ അവസാനമായി ബന്ധുക്കളെ വിളിച്ചത്. പിന്നീട്, തിങ്കളാഴ്ചയും ചൊവ്വാഴയും ജസ്റ്റിനെപ്പറ്റി വിവരമുണ്ടായിരുന്നില്ല. ബുധനാഴ്ച പുലർച്ചെ ഏഴു മണിയോടെയാണ് ജസ്റ്റിനെ കാണാനില്ലെന്ന വിവരം പുറത്തുവന്നത്. ജസ്റ്റിന്റെ തിരോധാനം സംബന്ധിച്ചു കൃത്യമായ വിവരം ലഭിക്കാൻ സംസ്ഥാന സർക്കാർ അടക്കം ഇടപെടണമെന്നാണ് ഇപ്പോൾ ആവശ്യം ഉയർന്നിരിക്കുന്നത്.

Leave a Reply