
കോഴിക്കോട് നരിക്കുനിയിലെ കിണറുകളിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പരിശോധനയിലാണ് ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയത്. പ്രദേശത്ത് ആര്‍ക്കും കോളറ ലക്ഷണങ്ങളില്ലെന്നു ആരോഗ്യ വകുപ്പ് അറിയിച്ചു. കോളറ ബാക്ടീരിയയുടെ സാന്നിദ്ധ്യം അനുഭവപ്പെട്ട മേഖലകളിൽ സൂപ്പര്‍ ക്ലോറിനേഷന്‍ അടക്കമുള്ളവ നടത്താൻ മെഡിക്കൽ ഓഫീസർ നിർദ്ദേശം നൽകി. നരിക്കുനിയില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് രണ്ടര വയസ്സുകാരന്‍ മരിച്ചിരുന്നു. ചികിത്സയ്ക്കായി പത്തുപേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്ന സാഹചര്യത്തിലാണ് മേഖലയിലെ വെള്ളം അടക്കം ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്.