കോഴിക്കോട് വേങ്ങേരി ബൈപാസ് ജംക്‌ഷനു സമീപമുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ച സംഭവത്തിൽ ബസ് ഉടമയും ഡ്രൈവറും അറസ്റ്റിൽ. ബസ് ഉടമ അരുൺ, ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ചേവായൂർ പൊലീസ് ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. ഉടമയ്‌ക്കെതിരെ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളും ചുമത്തി.
ഇന്നലെ രാവിലെ 8.55നുണ്ടായ അപകടത്തിൽ കക്കോടി കിഴക്കുംമുറി കരമംഗലത്താഴം നെച്ചൂളിപ്പൊയിൽ ഷൈജു (ഗോപി–43), ഭാര്യ ജീമ (36) എന്നിവരാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ മറ്റൊരു ബൈക്ക് യാത്രക്കാരൻ പാലത്ത് ഊട്ടുകുളംവയൽ വീട്ടിൽ വിനുവിനെ (36) ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടു സ്വകാര്യ ബസ്സുകളും മത്സരിച്ചു നഗരത്തിലേക്കു പോകുന്നതിനിടിയിലാണ് അപകടം. വേങ്ങേരി ബൈപാസ് ജംക്‌ഷനു സമീപം ഇന്നലെ രാവിലെയായിരുന്നു അപകടം. വേങ്ങേരി ബൈപാസ് ജംക്‌ഷൻ കഴിഞ്ഞു മലാപ്പറമ്പിലേക്കു പോകുന്ന ഭാഗത്ത് അമിതവേഗത്തിലെത്തിയ ‘തിരുവോണം’ ബസ് ,ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലേക്കും ബൈക്കിലേക്കും ഇടിച്ചു കയറുകയായിരുന്നു. ഇവർക്കു മുന്നിൽ പോയിരുന്ന ബസ് ബൈപാസ് ഡിവൈഡറിനു സമീപം വേഗം കുറച്ചപ്പോഴാണു പിന്നാലെ ബസ് ഇടിച്ചു കയറിയത്.
സ്കൂട്ടറിലും ബൈക്കിലും ഇടിച്ച ശേഷം മുന്നിലെ ബസ്സിൽ ഇടിച്ചാണ് അപകടത്തിനിടയാക്കിയ ബസ് നിന്നത്. ഇരു ബസ്സുകളുടെയും ഇടയിൽപ്പെട്ട ദമ്പതികൾക്കു ഗുരുതര പരുക്കേറ്റു. ഇവരെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അപകടശേഷം ബസ് ഡ്രൈവർ കാരന്തൂർ പട്ടോത്തുവീട്ടിൽ അഖിൽ കുമാർ (25) കടന്നുകളയാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി