കോഴിക്കോട് : ഡബിൾ ഇൻക്യുബേഷൻ കാലയളവ് ഇന്നലെ പൂർത്തിയായി; നിപ്പ വിമുക്തിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതും കാത്ത് ജില്ല. മന്ത്രി വീണാ ജോർജ് ഇന്നലെ കോഴിക്കോട്ട് എത്തി വിമുക്തി പ്രഖ്യാപനം നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ ആരോഗ്യപരമായ കാരണങ്ങളാൽ പരിപാടി മാറ്റിവച്ചതായി പിന്നീട് അറിയിച്ചു.
ഓഗസ്റ്റ് 30ന് ആണ് കുറ്റ്യാടി കള്ളാട് സ്വദേശി കടുത്ത പനിയും ന്യുമോണിയ ലക്ഷണങ്ങളുമായി മരിച്ചത്. അദ്ദേഹത്തിന്റെ 9 വയസ്സുകാരനായ മകൻ പനിയും ലക്ഷണങ്ങളുമായി സെപ്റ്റംബർ 9ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയുടെ മാതൃസഹോദരനും ചികിത്സ തേടിയ സെപ്റ്റംബർ 11ന് ഇതേ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വടകര വള്ളിയാട് സ്വദേശി ഏതാനും നിമിഷങ്ങൾക്കകം മരണമടഞ്ഞു. തുടർന്നാണ് സെപ്റ്റംബർ 12ന് നിപ്പ സ്ഥിരീകരിച്ചത്. സെപ്റ്റംബർ 26ന് ആണ് എല്ലാ രോഗികൾക്കും രോഗം മാറിയതായി സ്ഥിരീകരണം വന്നത്. രോഗഭീതി നിസ്സംശയം മാറിയതായി സെപ്റ്റംബർ 29ന് മന്ത്രി വീണാ ജോർജ് ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്തു.
രണ്ട് ഇൻക്യുബേഷൻ കാലയളവുകൾ ഒരു രോഗബാധ പോലുമില്ലാതെ പിന്നിട്ടാൽ മാത്രമേ മാനദണ്ഡപ്രകാരം രോഗമുക്തമായതായി പ്രഖ്യാപിക്കാൻ കഴിയൂ. ഡബിൾ ഇൻക്യുബേഷൻ കാലയളവ് പൂർത്തിയായത് ഇന്നലെയാണ്. നിപ്പ വൈറസുകൾ എങ്ങനെ മനുഷ്യരിലേക്ക് എത്തുന്നുവെന്നു ഗവേഷണത്തിലൂടെ കണ്ടെത്തുകയാണ് പ്രധാനം. രോഗം മുൻകൂട്ടി അറിയാനും പ്രതിരോധിക്കാനും അത്യാവശ്യമായതും ഈ ഗവേഷണ ഫലമാണ്.