മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ വിശദീകരണവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍. മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ ഉപകരണമല്ല യുവതിയുടെ വയറ്റില്‍ കുടുങ്ങിയത് എന്നാണ് അധികൃതര്‍ പറയുന്നത്. പരാതിക്ക് പിന്നാലെ ആശുപത്രിയിലെ ഉപകരണങ്ങളുടെ കണക്ക് രേഖപ്പെടുത്തിയെന്നും ഒന്നും നഷ്ടമായിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.30കാരിയുടെ മൂത്രസഞ്ചിയിൽ കുത്തിനിൽക്കുന്ന നിലയിൽ സ്കാനിങ്ങിൽ കണ്ടെത്തിയ കത്രിക ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചു തന്നെ കഴിഞ്ഞ മാസം 17ന് പുറത്തെടുത്തിരുന്നു. 12 സെന്റി മീറ്റർ നീളവും 6 സെന്റി മീറ്റർ വീതിയുമുള്ള കത്രിക കാലക്രമേണ മൂത്രസഞ്ചിയിൽ കുത്തിനിന്ന് മുഴ രൂപപ്പെട്ടിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ നീക്കി. 2017 നവംബർ 30നായിരുന്നു ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവ ശസ്തക്രിയ നടത്തിയത്.മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സി ടി സ്കാൻ പരിശോധനയിൽ കത്രിക കണ്ടെത്തിയത്.