കെപിസിസി പട്ടിക എഐസിസി പ്രഖ്യാപിച്ചു. നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് 56 അംഗ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എൻ ശക്തൻ, വിടി ബൽറാം, വിപി സജീന്ദ്രൻ, വിജെ പൗലോസ് എന്നിവർ വൈസ് പ്രസിഡൻ്റുമാരാവും. ഇരിക്കൂറിൽ സീറ്റ് നിഷേധിക്കപ്പെട്ട സോണി സെബാസ്റ്റ്യനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
23 വീതം ജനറൽ സെക്രട്ടറിമാരും സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്. ജനറൽ സെക്രട്ടറിമാരിൽ 3 പേർ വനിതകളാണ്. ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല, കെഎ തുളസി എന്നിവരാണ് ഇവർ. ഭാരവാഹിപ്പട്ടികയിൽ ഉൾപ്പെടുമെന്ന് കരുതിയിരുന്ന രമണി പി നായർ, എ.വി ഗോപിനാഥൻ എന്നിവർ അന്തിമ പട്ടികയിൽ ഇല്ല. അഡ്വക്കേറ്റ് പ്രതാപചന്ദ്രനാണ് ട്രഷറർ. 28 നിർവാഹക സമിതി അംഗങ്ങളും പട്ടികയിലുണ്ട്. വിഎം സുധീരൻ നൽകിയ പേരുകൾ പൂർണമായും പട്ടികയിൽ നിന്നൊഴിവാക്കി. പത്മജ വേണുഗോപാൽ, ഡോ. പിആർ സോനയും നിർവാഹക സമിതിയിലുണ്ട്.