തിരുവനന്തപുരം∙ നടൻമാരായ ജയസൂര്യയ്ക്കും കൃഷ്ണപ്രസാദിനുമെതിരെ രൂക്ഷ വിമർശനവുമായി കൃഷിമന്ത്രി പി.പ്രസാദ് രംഗത്ത്. കൃഷ്ണപ്രസാദ് വ്യക്തമായ രാഷ്ട്രീയം ഉള്ളയാളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൃഷ്ണപ്രസാദിന്റെ പേരിൽ ജയസൂര്യ ഉന്നയിച്ച ആരോപണം ആ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ജയസൂര്യയുടെ വാദങ്ങൾ മുഴുവൻ പൊളിഞ്ഞെന്നും മന്ത്രി ചൂണ്ടിക്കാട്ടി.‘‘കർഷകർക്ക് നൽകിയ പണം വായ്പയായി കണക്കുകൂട്ടുന്നത് സിവിൽ സപ്ലൈസ് കോർപറേഷനാണ്. എന്നുവച്ചാൽ, ആ പൈസ അടയ്ക്കേണ്ട ബാധ്യത സിവിൽ സപ്ലൈസ് കോർപറേഷനും സർക്കാരിനുമാണ്. പാഡി രസീത് ഷീറ്റ് അഥവാ പിആർഎസ് കൊണ്ടുപോയി കൊടുക്കുമ്പോൾ, ബാങ്കുകൾ പണം കർഷകർക്ക് നൽകും. ആ പണം തിരിച്ചടയ്ക്കുന്നതിന് കാലതാമസമുണ്ടായാൽ വരുന്ന പലിശ അടയ്ക്കുന്നത് കർഷകനല്ല. അത് അടയ്ക്കേണ്ടത് സിവിൽ സപ്ലൈസ് കോർപറേഷന്റെയും സർക്കാരിന്റെയും ബാധ്യതയാണ്.’‘‘അതായത്, ആദ്യത്തെ വാദഗതികളെല്ലാം പൊളിഞ്ഞുപോയപ്പോൾ അദ്ദേഹം പിടിച്ചുനിൽക്കാൻ കണ്ടെത്തുന്ന കാര്യങ്ങളാണ് ഇതെല്ലാം. കൃഷ്ണപ്രസാദിനു തന്നെ മാസങ്ങളായി പൈസ കിട്ടിയിട്ടില്ല എന്നാണ് ആദ്യം പറഞ്ഞത്. ജയസൂര്യ അന്ന് പ്രസംഗത്തിൽ പറഞ്ഞതും കൃഷ്ണപ്രസാദ് ഉൾപ്പെടെയുള്ളവർക്ക് എന്നല്ല. കൃഷ്ണപ്രസാദിന് കിട്ടിയിട്ടില്ല എന്നു തന്നെയാണ്. കൃഷ്ണപ്രസാദ് അടക്കം എന്നു പറഞ്ഞാൽ ജയസൂര്യ പൊതുവിൽ പറഞ്ഞതായിരുന്നുവെന്ന് കരുതാം.’
‘‘അദ്ദേഹത്തെ ആരോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് ഞാൻ അപ്പോൾ കരുതിയത്. പ്രസംഗിച്ച കാര്യങ്ങളിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഒരുപാടുണ്ടെന്ന് അവിടെ വച്ചുതന്നെ ഞാൻ ജയസൂര്യയോടു പറഞ്ഞിരുന്നു. അങ്ങനെയാണോ എന്ന് അദ്ദേഹം എന്നോടു ചോദിക്കുകയും ചെയ്തു. മന്ത്രി രാജീവ് അവിടെത്തന്നെ ജയസൂര്യയുടെ പരാമർശങ്ങൾക്ക് മറുപടിയും നൽകിയിരുന്നു.’
‘‘ഇത്രയൊക്കെയായിട്ടും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് നിലപാടെടുക്കുമ്പോൾ, ജയസൂര്യ ഉൾപ്പെടെ ഇക്കാര്യങ്ങൾ ബോധപൂർവം ഉന്നയിച്ചതാണെന്ന് ഞാൻ കണക്കാക്കുന്നു. കൃഷ്ണപ്രസാദിന് ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടു തന്നെയാകും അദ്ദേഹം അക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ടാവുക.’ – മന്ത്രി പ്രസാദ് പറഞ്ഞു.