Spread the love

ബെംഗളൂരു∙ അയോധ്യയിൽ പ്രതിഷ്ഠിച്ച ശ്രീരാമ വിഗ്രഹത്തിനായി കൃഷ്ണശില കണ്ടെടുത്ത മൈസൂരു ജയപുര ഗുജ്ജെഗൗഡനപുരയിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കമിട്ടു. ജനതാദൾ (എസ്) എംഎൽഎ ജി.ടി.ദേവെഗൗഡ, ബിജെപി എംപി പ്രതാപ് സിംഹ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ബെംഗളൂരു മഹാദേവപുരയിൽ പുതുതായി നിർമിച്ച രാമക്ഷേത്രം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ഹിരന്ദഹള്ളി ട്രസ്റ്റ് നിർമിച്ച ക്ഷേത്രത്തിൽ 33 അടി ഉയരമുള്ള ഹനുമാൻ പ്രതിമയുമുണ്ട്. ശ്രീരാമൻ എല്ലാവരുടെയും സ്വന്തമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

84 സെക്കൻഡ് മാത്രം നീണ്ട മുഹൂർത്തത്തിൽ ഇന്നലെ ഉച്ചയ്ക്കു 12.30ന് ആയിരുന്നു അയോധ്യ രാമക്ഷേത്രത്തിലെ രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ. കാശിയിലെ പുരോഹിതൻ ലക്ഷ്മീകാന്ത് ദീക്ഷിത് മുഖ്യകാർമികത്വം വഹിച്ച ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യയജമാനനായി. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതും മോദിക്കൊപ്പം അർച്ചനയിലും പൂജയിലും പങ്കെടുത്തു.

യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരാണു പ്രാണപ്രതിഷ്ഠാ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തവർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു മന്ത്രോച്ചാരണങ്ങളുടെയും കീർത്തനങ്ങളുടെയും പശ്ചാത്തലത്തിൽ ആദ്യ ആരതിയുഴിഞ്ഞത്.

യജമാനരായി തിരഞ്ഞെടുക്കപ്പെട്ട 14 ദമ്പതികളും ഗർഭഗൃഹത്തിനു പുറത്തിരുന്നു കർമങ്ങളിൽ പങ്കുകൊണ്ടു. പൂജകൾക്കുശേഷം മോദി വിഗ്രഹത്തിനു മുന്നിൽ സാഷ്ടാംഗപ്രണാമം നടത്തി. രാജ്യത്തിന്റെ വിവിധ മേഖലകളുടെ പ്രതിനിധികളായി ക്ഷണിക്കപ്പെട്ട എണ്ണായിരത്തോളം അതിഥികൾ ചടങ്ങിനു സാക്ഷികളായി.

Leave a Reply