തിരുവനന്തപുരം: സത്യമേ ജയിക്കൂ എന്നതിന്റെ ഉദാഹരണമാണ് അഭയ കേസ് എന്ന് നടൻ കൃഷ്ണകുമാർ. അഭയ കേസ് ഇപ്പോൾ മാത്രമല്ല ഭാവി തലമുറയ്ക്കും പാഠമാണെന്നും എന്തെല്ലാം സംഭവിച്ചാലും ദൈവത്തിന്റെ ഒരു മൂന്നാം കണ്ണ് പ്രവർത്തിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.
സത്യമേ ജയിക്കൂ എന്നതിന്റെ ഉദാഹരണമാണ് അഭയ കേസ്. കേസ് തെളിയിക്കുവാനായി പരിശ്രമിച്ച ജോമോൻ പുത്തൻപുരയ്ക്കലും സിബിഐ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസും പ്രത്യേകം അഭിനന്ദനം അർഹിയ്ക്കുന്നു. കേസുമായി ബന്ധപ്പെട്ടു സമ്മർദ്ദം സഹിയ്ക്കുവാൻ വയ്യാതെ വർഗസ്സ് സാറിന് വോളണ്ടറി റിട്ടയർമെന്റ് എടുക്കേണ്ടി വന്നു. ദൈവം നേരിട്ട് വന്നാൽ പോലും പ്രതികളെ ശിക്ഷിക്കില്ലെന്ന രാഷ്ട്രീയ നേതാവിന്റെ വാക്കുകൾ ജോമോൻ പുത്തൻ പുരയ്ക്കൽ സൂചിപ്പിച്ചിരുന്നു. എന്നാൽ ദൈവം തന്നെ ഇറങ്ങിവന്ന് ദൈവമായി തന്നെയാണ് അഭയ്ക്ക് നീതി നൽകിയതെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞിരുന്നു.
നിയമത്തിനു പിടികൊടുക്കാതെ പ്രതികൾ 28 വര്ഷം പിടിച്ചുനിന്നിരിക്കാം. എന്നാൽ നേരത്തെ ശിക്ഷിയ്ക്കപ്പെട്ടിരുന്നെങ്കിൽ ഇപ്പോൾ ജീവപര്യന്തം കഴിഞ്ഞു ജയിൽ മോചിതരാകുമായിരുന്നു. കുറ്റം ചെയ്തവർക്ക് ഒരു ദിവസം പോലും ഉറങ്ങുവാൻ സാധിയ്ക്കില്ല. സിനിമയുടെ സെറ്റിൽ വെച്ച് മോശമായി പെരുമാറിയാൽ അവരോടു ക്ഷമ ചോദിക്കുന്നത് വരെ ഉറങ്ങുവാൻ സാധിക്കില്ല. അവരെ തോൽപ്പിച്ചു എന്നൊക്കെ തോന്നുമായിരിക്കും. എന്നാൽ നമ്മൾ തന്നെയാണ് തോറ്റതെന്നു നമ്മുടെ മനസ്സ് പറഞ്ഞുകൊണ്ടേയിരിക്കും.
ഇപ്പോൾ ഇരട്ട ജീവപര്യന്തമാണ് പ്രതികൾക്ക് കിട്ടിയത്. ഇനിയും അവർ അനുഭവിയ്ക്കും . ടെക്‌നൊളജിയൊന്നും ഇല്ലാത്ത കാലത്താണ് സിബിഐ ഉദ്യോഗസ്ഥർ പ്രതികളെ കണ്ടു പിടിച്ചത് . കുറ്റം തെളിയിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം അഭിനന്ദനം അർഹിക്കുന്നുണ്ട് . ശിക്ഷ ഏറ്റുവാങ്ങാനായാണ് പ്രതികൾക്ക് ദൈവം ആയുസ്സ് കൊടുത്തത്.