Spread the love

മലയാളത്തിന്റെ വാനമ്പാടിയും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമായ കെ എസ് ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാള്‍. നിറഞ്ഞ ചിരിയോടെ മാത്രം എവിടെയും പ്രത്യക്ഷപ്പെടുന്ന താരത്തിനെ മലയാളികൾക്കും തെന്നിന്ത്യക്കാർക്കും മാത്രമല്ല പ്രിയം. വിവിധ ഇന്ത്യന്‍ ഭാഷകളിലായി 25,000 ല്‍ അധികം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള താരത്തിന് ഭാഷ, ദൂരങ്ങൾക്കപ്പുറം ചേർത്തുപിടിക്കുന്ന ഒത്തിരി ആരാധകർ ഇന്ത്യയിലുടനീളമുണ്ട്. സൗമ്യവും നിഷ്കളങ്കവുമായ സമീപനത്തോടെ ടെലിവിഷൻ സംഗീത മത്സര പരിപാടികളിലൂടെയും മറ്റും സജീവമായ പ്രിയ ഗായിക ഇന്നിപ്പോൾ മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ പോലും ഭാഗമാണ്. അക്ഷരാർത്ഥത്തിൽ തെല്ലും ആർക്കും വിരോധമില്ലാത്ത സ്വഭാവവും ആരെയും സ്വര മാധുര്യം കൊണ്ട് അലിച്ചില്ലാതാക്കുന്ന ശബ്ദവുമാണ് ചിത്ര.

ചിത്രയുടെ ജനനം ഒരു സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു. തന്റെ അഞ്ചാം വയസ്സില്‍ ആകാശവാണിക്ക് വേണ്ടിയാണ് കൃഷ്ണന്‍ ശാന്തകുമാരി ചിത്ര എന്ന കെ എസ് ചിത്ര ആദ്യമായി റെക്കോര്‍ഡിംഗ് മൈക്കിന് മുന്നിലേക്ക് എത്തുന്നത്. പ്രതിഭയുള്ള ആ കുട്ടിയെ ആദ്യമായി കേട്ടവര്‍ തന്നെ ശ്രദ്ധിച്ചു. അരവിന്ദന്റെ കുമ്മാട്ടി (1979) എന്ന ചിത്രത്തില്‍ കോറസ് പാടി സിനിമാ രംഗത്തേക്ക് എത്തിയത് ഒരു നീണ്ട യാത്രയുടെ തുടക്കമായിരുന്നു. ആ അവസരം ലഭിച്ചത് എം ജി രാധാകൃഷ്ണനിലൂടെ ആയിരുന്നു. പതിനാലാം വയസ്സില്‍ ‘അട്ടഹാസം’ എന്ന ചിത്രത്തില്‍ പാടിത്തുടങ്ങിയപ്പോള്‍ അതൊരു മലയാളത്തിന്റെ മഹാഗായികയുടെ പിറവി കൂടിയാണെന്ന് അന്ന് അധികമാരും തിരിച്ചറിഞ്ഞില്ല. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിനായി പാടിയ ഗാനങ്ങള്‍ ആദ്യ സൂപ്പര്‍ഹിറ്റുകള്‍. പിന്നീട് സംഭവിച്ചതൊക്കെ കേട്ടുകേട്ടുമതിവരാതെ നമ്മുടെ കാതോട് കാതോരമുണ്ട്.

ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്കാരങ്ങള്‍ പല കാലങ്ങളിലായി ചിത്രയെ തേടി എത്തിയിട്ടുണ്ട്. ആറ് ദേശീയ പുരസ്കാരങ്ങളും 43 സംസ്ഥാന പുരസ്കാരങ്ങളും 10 ഫിലിം ഫെയര്‍ അവാര്‍ഡുകളും ചിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്. രാജ്യം 2005 ല്‍ പദ്മശ്രീയും 2021 ല്‍ പദ്മ ഭൂഷണും നല്‍കി ഈ മഹാഗായികയെ ആദരിച്ചു.

Leave a Reply