കഴിഞ്ഞ സാമ്പത്തിക വർഷം കെ.എസ്.ഇ.ബിക്ക് 1466 കോടി രൂപയുടെ പ്രവർത്തന ലാഭമുണ്ടായതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. മികച്ച ഡാം മാനേജ്മെന്റും തൊഴിലാളികളുടേയും ഓഫിസർമാരുടേയും മികച്ച പ്രവർത്തനവും ആഭ്യന്തര വൈദ്യുതോത്പാദനത്തിലെ വർധനവും വൈദ്യുതി വാങ്ങൽ കുറച്ചതും ലോഡ് ഡിസ്പാച് സെന്ററിന്റെ പ്രവർത്തനവുമടക്കമുള്ള കാര്യങ്ങളാണു കെ.എസ്.ഇ.ബിയെ പ്രവർത്തന ലാഭത്തിലേക്കു നയിച്ചതെന്ന് സംസ്ഥാനത്തിന്റെ ഊർജ മേഖലയുടെ അവലോകനവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. തടസ്സ രഹിതവും ഗുണമേയുള്ളതുമായ വൈദ്യുതി മിതമായ നിരക്കിൽ വിതരണം ചെയ്യുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജലവൈദ്യുത പദ്ധതികൾ പരമാവധി ഉപയോഗിക്കണം. നിലവിൽ പീക് സമയത്ത് 400 മെഗാവാട്ട് വൈദ്യുതിയാണു കേരളത്തിനു വേണ്ടത്. ഇതിൽ 200 മെഗാവാട്ട് എങ്കിലും ജലവൈദ്യുതിയിൽനിന്ന് ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ കൂടിയ വിലയ്ക്കു പുറമേനിന്നു വാങ്ങുന്നത് ഒഴിവാക്കാനാകും. കേരളത്തിൽ 3000 ടിഎംസി വെള്ളമാണ് ആകെയുള്ളത്. ഇതിൽ ഇറിഗേഷനും ഇലക്ട്രിസിറ്റിക്കുമായി 300 ടിഎംസിയാണു നിലവിൽ ഉപയോഗിക്കുന്നത്. 2000 ടിഎംസി വരെ ഉപയോഗിക്കാൻ കഴിയുമെന്നാണു പഠന റിപ്പോർട്ടുകൾ. ഹൈഡ്രോ കൈനറ്റിക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് കനാലുകളിൽ നിന്നും ജല വൈദ്യുത പദ്ധതികളുടെ ടെയ്ൽ റേസിൽ നിന്നും വൈദ്യുതി ഉദ്പാദിപ്പിക്കുന്ന പദ്ധതിക്കു താൽപ്പര്യപത്രം സ്വീകരിച്ച് സാങ്കേതിക ദാതാക്കളെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനത്തിൽ വർധന ഉണ്ടാകുന്നതിനനുസരിച്ച് ഉയർന്ന നിരക്കിലുള്ള വൈദ്യുതി വാങ്ങൽ കരാറുകൾ ഒഴിവാക്കാൻ സർക്കാർ ശ്രമിക്കും. മിതമായ നിരക്കിൽ വൈദ്യുതി വിതരണം സാധ്യമാക്കിയാൽ സംസ്ഥാനത്തു വ്യവസായ വികസനം ഉണ്ടാകുകയും അത് ധാരാളം തൊഴിൽ സാധ്യത ഉറപ്പ് വരുത്തുകയും ചെയ്യുമെന്നു മന്ത്രി പറഞ്ഞു.