സംസ്ഥാനത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കിയെന്നും , നിയന്ത്രണം ഉണ്ടാകില്ലെന്നും കെഎസ്ഇബി. വേനല്‍ക്കാലത്ത് വൈദ്യുതി കമ്മി ഉണ്ടാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചുവെന്ന വിമര്‍ശനങ്ങള്‍ കെഎസ്ഇബി ചെയർമാൻ ബി അശോക് തള്ളി. കെഎസ്ഇബിക്ക് ഊര്‍ജ്ജം നല്‍കുന്ന 19 നിലയങ്ങളില്‍ 3 എണ്ണം മാത്രമാണ് ഇതുവരെ ഉത്പാദനം നിര്‍ത്തിവച്ചത്. ഇതില്‍ ജാര്‍ഖണ്ടിലെ മൈത്തോണ്‍ നിലയം പ്രവര്‍ത്തനം പുനരാരംഭിച്ചു. നല്ലളം ഡീസല്‍ നിലയവും പെരിങ്ങല്‍കുത്തും 65 മെഗാവാട്ടോളം വൈദ്യുതി ഉറപ്പാക്കുന്നു. മെയ് 31 വരെ അധിക നിരക്കില്‍ അധിക വൈദ്യുതി വാങ്ങുന്നതിലൂടെ 50 കോടിയുടെ ബാധ്യതയുണ്ടാകും. വൈകിട്ട് 6നും 11 നും ഇടയില്‍ ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അഭ്യര്‍ത്ഥിച്ചു.