Spread the love

തിരുവനന്തപുരം; സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു. കല്ലേറുണ്ടായതിനെ തുടർന്ന് കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള കെഎസ്ആ‍ർടിസി സർവീസുകൾ നിർത്തിവെച്ചു.

കോഴിക്കോട് സിവിൽ സ്റ്റേഷനു സമീപം യാത്രക്കാരുമായി പോകുകയായിരുന്ന കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ ചില്ലു തകർന്നു. കണ്ണിനു പരിക്കേറ്റ ഡ്രൈവറെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഏഴേ കാലോടെയാണ് സംഭവം. കോഴിക്കോട്ട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും മൂന്നു കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട്ട് കല്ലായിയിൽ ലോറിക്കു നേരെയാണ് കല്ലേറുണ്ടായത്. കൊയിലാണ്ടി ആനക്കുളത്ത് ലോറിക്ക് നേരെയും അക്രമം ഉണ്ടായിട്ടുണ്ട്. പുലർച്ചെ 3.50 നാണ് അക്രമം നടന്നത്. ലോറിയുടെ ഗ്ലാസ് തകർന്നു. താമരശേരിയിലും ലോറിക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള കെഎസ്ആ‍ർടിസി സർവീസുകൾ നിർത്തിവെച്ചു. വയനാട് പനമരം മുക്കത്ത് ഹർത്താൽ അനുകൂലികൾ ബസിനുനേരെ കല്ലെറിഞ്ഞു.

തിരുവനന്തപുരം കാട്ടാക്കടയിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി സ്റ്റാൻഡിനുള്ളിൽ ബസുകൾ തടഞ്ഞു. ഇവരുമായി പോലീസ് ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഗതാഗത തടസമില്ലാതെ ഹർത്താൽ നടത്തണമെന്നാണ് പോലീസ് സമരക്കാരോട് പറയുന്നത്. ക്യാമ്പ് പോലീസ് ഉൾപ്പെടെയുള്ള സംഘം ബസ് സ്റ്റാൻഡിലേക്ക് എത്തിയിട്ടുണ്ട്. അട്ടക്കുളങ്ങരയിൽ കെഎസ്ആർടിസി ബസിനുനേരെ കല്ലേറുണ്ടായി.

എറണാകുളത്ത് മൂന്നിടത്ത് ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ആലുവ ഗ്യാരേജ്, പകലോമറ്റം, പെരുമ്പാവൂർ മാറമ്പിള്ളി എന്നിവിടങ്ങളിലാണ് സംഭവം. ആലുവയിൽ നിന്നും പെരുമ്പാവൂരിലേക്ക് പോയ ബസിൻ്റെ മുൻഭാഗത്തെ ചില്ല് തകർന്നു. കൊല്ലം തട്ടാമലയിലും അയത്തിലും ബസിനുനേരെ അക്രമമുണ്ടായി. പന്തളത്ത് കെഎസ്ആർടിസി ബസിൻ്റെ ചില്ല് തകർത്തു. പന്തളം-പെരുമൺ സർവീസിന് നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ ഡ്രൈവർ പി രാജേന്ദ്രൻ്റെ കണ്ണിന് പരുക്കേറ്റു. ആലപ്പുഴ വളഞ്ഞവഴിയിൽ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു.

Leave a Reply