
മലപ്പുറം .മൂന്നാർ വിനോദ സഞ്ചാര പാക്കേജ് ഗംഭീര ഹിറ്റായതിനു പിന്നാലെ തൃശൂർ മലക്കപ്പാറയിലേക്ക് 600 രൂപയുടെ ‘ഉല്ലാസയാത്ര’ പദ്ധതിയുമായി കെഎസ്ആർടിസി മലപ്പുറം ഡിപ്പോ. ആതിരപ്പള്ളി വെള്ളച്ചാട്ടം ഉൾപ്പടെ കാണാവുന്ന വിധത്തിലാണ് യാത്ര. ആദ്യ സർവീസ് 31ന്. പുലർച്ചെ 3.30ന് മലപ്പുറത്തു നിന്ന് പുറപ്പെട്ട് രാത്രി 10ന് തിരിച്ചെത്തുന്ന വിധത്തിലുള്ള പാക്കേജ്. ആതിരപ്പള്ളി വ്യൂ പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്, നെല്ലിക്കുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവ കാണാം. 60 കിലോമീറ്ററോളം വനത്തിലൂടെ മാത്രമാണ് യാത്ര. രാവിലെ 11.30ന് മലക്കപ്പാറയിലെത്തും. ഉച്ചയ്ക്ക് 1.30 വരെ അവിടെ ചെലവഴിക്കാം. തുടർന്നാണ് മടക്കം. മലക്കപ്പാറയിൽ നാടൻ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഉണ്ടാകുമെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു. ഇതിന്റെ ഭാഗമായി ചാലക്കുടി ഡിപ്പോ അധികൃതരുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയതായി ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ അറിയിച്ചു. വിവരങ്ങൾക്ക്: 0483 2734950