കെഎസ്ആർടിസിയിൽ എല്ലാ ഓർഡിനറി ബസുകളുടെയും നിറം മാറ്റുന്നു. ചുവപ്പും ക്രീം ബോർഡറുമാണ് പുതിയ നിറം. പഴയ ഓർഡിനറി ബസുകളുമായി സാമ്യമുള്ള നിറങ്ങളാണ് ഇവ. വെള്ളയും ഷട്ടറിനോട് ചേർന്നു കറുപ്പും ഏറ്റവും താഴെയും മധ്യത്തിലും നീല ബോർഡറുമുള്ള വേണാട്, അനന്തപുരി, തിരുക്കൊച്ചി, മലബാർ എന്നീ പേരുകളിലുള്ള ഓർഡിനറി ബസുകളാണു ഇപ്പോൾ കെഎസ്ആർടിസിയിൽ കൂടുതലുള്ളത്.
ഈ ബസുകൾക്ക് എല്ലാം ചുവപ്പും ക്രീം ബോർഡറും നൽകാനാണു നിർദേശം. അടുത്ത ഫിറ്റ്നസ് ടെസ്റ്റിനു പെയിന്റ് ചെയ്യുമ്പോൾ നിറം മാറ്റണമെന്നു നിർദേശിച്ച് കഴിഞ്ഞ ദിവസം കെഎസ്ആർടിസി മെക്കാനിക്കൽ വിഭാഗം എല്ലാ ജില്ലാ, റീജനൽ വർക്‌ഷോപ്പുകൾക്കും നിർദേശം നൽകി. നിറം മാറ്റുന്നത് കെഎസ്ആർടിസിയുടെ പെയിന്റിങ് ചെലവ് ഇരട്ടിയാക്കും.