കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷനിൽ സർക്കാറിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മനുഷ്യനെ മനുഷ്യനായി കാണണമെന്നും പെൻഷൻ ലഭിക്കാത്തതുമൂലം ജീവനക്കാർ ആത്മഹത്യ ചെയ്യുന്നതിൽ സർക്കാറിന് സങ്കടം തോന്നാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
ഒന്നോ രണ്ടോ പേർ ആത്മഹത്യ ചെയ്യുന്ന കാര്യത്തിലും സങ്കടം വേണ്ടേ എന്ന് കോടതി ചോദിച്ചു. ഒന്നോ രണ്ടോ പേർ അവരുടെ സാഹചര്യം കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും അതിൽ സർക്കാറിന് വിഷമമുണ്ടെന്നും എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടാണ് പെൻഷൻ വൈകുന്നതിന് കാരണമാകുന്നതെന്നും സർക്കാർ മറുപടി നൽകി. ആഗസ്ത് മാസത്തെ പെൻഷൻ ഒരാഴ്ചക്കകം നൽകണമെന്നും സെപ്റ്റംബർ മാസത്തെ പെൻഷൻ വൈകരുതെന്നും കോടതി സർക്കാറിന് നിർദേശം നൽകി.
ജനങ്ങളുടെ ആവശ്യങ്ങൾക്ക് സർക്കാർ പരിഗണന നൽകണമെന്നും നിരാശപ്പെട്ട കടുത്ത തീരുമാനമെടുക്കുന്നതിലേക്ക് ആളുകളെ കൊണ്ടെത്തിക്കരുതെന്നും കോടതി വിമർശിച്ചു. അതേസമയം ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നത് കൊണ്ടാണ് സർക്കാർ ഇതൊക്കെ നൽകുന്നതെന്നും ജൂൺമാസം വരെയുള്ള പെൻഷൻ തടസ്സം കൂടാതെ കൊടുത്തു തീർത്തിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതി മറുപടി നൽകി.