പാലക്കാട്: ഗ്രാമവണ്ടിയുടെ സാധ്യത തേടി കെഎസ്‌ആര്‍ടിസി. വിവിധ ഗ്രാമങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രയ്‌ക്കാണ് തയ്യാറെടുക്കുന്നത്. കോവിഡ് പ്രതിസന്ധിക്ക്‌ശേഷം ചേര്‍ന്ന ജനകീയ സമ്പര്‍ക്കപരിപാടിയില്‍ ഉയര്‍ന്ന നിര്‍ദേശമാണ് കെഎസ്‌ആര്‍ടിസി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. പാലക്കാട് ടോപ് ഇന്‍ ടൗണില്‍ ചേര്‍ന്ന ജനകീയ സമ്ബര്‍ക്കപരിപാടിയില്‍ പാസഞ്ചര്‍ അസോസിയേഷന്‍ ഭാരവാഹികളും യാത്രക്കാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
പാലക്കാട് നിന്ന് ചെര്‍പ്പുളശേരിവഴി പെരിന്തല്‍മണ്ണയിലേക്ക് സര്‍വീസ് നടത്തണമെന്ന് പലരും ആവശ്യപ്പെട്ടു. ഇതും കെഎസ്‌ആര്‍ടിസി പരിഗണിക്കുന്നുണ്ട്. നിലമ്പൂരിലേക്കും പട്ടാമ്ബി വഴി ഗുരുവായൂരിലേക്കും കൂടുതല്‍ സര്‍വീസ് ആരംഭിക്കണമെന്നും ആവശ്യം ഉയര്‍ന്നു. പാലക്കാട് നിന്ന് രാത്രി വൈകി ഷൊര്‍ണൂര്‍വഴി സര്‍വീസില്ലാത്തതും നിരവധിപേര്‍ ഉന്നയിച്ചു. നിരവധി ജോലിക്കാരെ ഇത് ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ട്രെയിന്‍സമയം കണക്കിലെടുത്ത് സര്‍വീസുകള്‍ പുനഃക്രമീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഷൊര്‍ണൂരില്‍നിന്ന് ഇത്തരത്തില്‍ കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ ശ്രമിക്കും.
നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കെഎസ്‌ആര്‍ടിസിയുടെ പുരോഗതിക്കുവേണ്ടി സ്വീകരിക്കാനാണ് ഇത്തരം ഇടപെടലെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ ടി എ ഉബൈദ് പറഞ്ഞു. എല്ലാ മാസവും സമ്പര്‍ക്ക പരിപാടി നടത്താനാണ് ആലോചിക്കുന്നത്.
കെഎസ്‌ആര്‍ടിഇഎ സംസ്ഥാന സെക്രട്ടറി പി എസ് മഹേഷ്, ഇന്‍സ്‌പെക്‌ടര്‍മാരായ സജീവ് കുമാര്‍, സിഎംഡി വാസുദേവന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു