
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ജൂണ്‍ മാസത്തെ ശമ്ബളവിതരണം നാളെ മുതല്‍ വിതരണം ചെയ്യുo, സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപ കെഎസ്‌ആര്‍ടിസിയുടെ അക്കൗണ്ടിലെത്തി.
ആദ്യം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മാത്രമാണ് ശമ്ബളം നല്‍കുക.
സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ അനുവദിച്ചതോടെയാണ് ശമ്ബള പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമം ആയത്. മുന്‍ മാസത്തെ പോലെ ജൂണിലും ശമ്ബളം ഘട്ടം ഘട്ടമായി മാത്രമേ വിതരണം ചെയ്യാനാകു. ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ച് ആദ്യം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്ബളം നല്‍കും. സര്‍ക്കാര്‍ സഹായമായി ലഭിച്ച പണം ഉപയോഗിച്ച് മുന്‍മാസത്തെ ഓവര്‍ഡ്രാഫ്റ്റ് പൂര്‍ണമായും തിരിച്ചടച്ച് വീണ്ടും ഓവര്‍ഡ്രാഫ്റ്റ് എടുത്താണ് ശമ്ബളം വിതരണം ചെയ്യുക. ബാക്കി തുക മറ്റ് ക്രമീകരണങ്ങളിലൂടെ കണ്ടെത്തും.
മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്ബളം നല്‍കാന്‍ ഈ മാസം വേണ്ടത് 79 കോടി രൂപയാണ്. ശമ്ബള വിതരണത്തിനായി കെഎസ്‌ആര്‍ടിസി മാനേജ്മെന്‍റ് 65 കോടി രൂപയുടെ സര്‍ക്കാര്‍ സഹായം തേടിയിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച ഫയല്‍ ധനവകുപ്പ് മടക്കിയിരുന്നു. എന്നാല്‍ ശമ്ബള വിതരണം സര്‍ക്കാര്‍ സഹായമില്ലാതെ പൂര്‍ത്തിയാക്കാന്‍ ആവില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് നിലപാട് മാറ്റിയത്. ഈ മാസം ആദ്യം ഇന്ധന ഇനത്തില്‍ 20 കോടി രൂപ സര്‍ക്കാര്‍ വേറെ നല്‍കിയിരുന്നു. രണ്ടിനങ്ങളിലുമായി 50 കോടി രൂപയാണ് ഈ മാസം സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസിക്ക് നല്‍കിയത്.