Spread the love
കെഎസ്ആർടിസി: ശമ്പളം രണ്ട് ദിവസത്തിനുള്ളിൽ കൊടുത്തുതീർക്കും; മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഇന്നും നാളെയുമായി കൊടുത്തുതീർക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയുടെ വരുമാനമുപയോഗിച്ച് മാത്രം, ജീവനക്കാർക്ക് ശമ്പളം കൊടുക്കാനാകില്ലെന്നും ശമ്പളം നൽകുന്നതിന് വേണ്ടി സർക്കാർ സഹായം നൽകാറുണ്ടെന്നും മന്ത്രി പറഞ്ഞു. സുശീൽ ഖന്ന റിപ്പോർട്ടിനോട് ട്രേഡ് യൂണിയനുകൾക്ക് കാര്യമായ എതിർപ്പില്ല. ശമ്പളക്കാര്യത്തിൽ ഉൾപ്പെടെ സ്ഥായിയായ പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയിലെ ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അനുവദിച്ച 20 കോടി രൂപ ഇതുവരെ അക്കൗണ്ടിൽ എത്തിയിട്ടില്ല.
പണം ലഭിക്കുമെന്ന് ഉറപ്പായതോടെ സ്വകാര്യപമ്പുകളിൽ നിന്ന് ഡീസൽ അടിക്കുന്നത് കെഎസ്ആർടിസി നിർത്തി. ഒപ്പം നേരത്തെ നൽകിയ 123 കോടി രൂപയുടെ സഹായ അഭ്യർത്ഥന പിൻവലിച്ച് കെഎസ്ആർടിസി സർക്കാറിന് 103 കോടി രൂപയുടെ പുതിയ അഭ്യർത്ഥന അപേക്ഷ സമർപ്പിച്ചു. ഇതിൽ 50 കോടി നിലവിലെ ഓവർ ഡ്രാഫ്റ്റ് അടച്ചു തീർക്കാനും മൂന്നു കോടി രൂപ ഇതുവരെ എടുത്ത ഓവർ ഡ്രാഫ്റ്റുകളുടെ പലിശ കൊടുക്കാനുമാണ്. ബാക്കി 50 കോടി രൂപ ജൂലൈ മാസത്തെ ശമ്പള വിതരണം തുടങ്ങാനുമാണ് ആവശ്യപ്പെടുന്നത്.

Leave a Reply