Spread the love
ഓണക്കാലത്ത് കൂടുതൽ സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി.

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്കു പരിഗണിച്ച് കൂടുതൽ ബസ് സർവീസുകൾ നടത്താനും വരുമാനം വർധിപ്പിക്കാനും കെ.എസ്.ആർ.ടി.സി. തയ്യാറെടുക്കുന്നു. ഇതിനായി തകരാറുള്ള ബസ്സുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കാൻ നടപടി തുടങ്ങി. ജീവനക്കാരുടെ അവധിയും ക്രമീകരിക്കും.

സെപ്റ്റംബർ ഒന്നിന് സ്കൂൾ പരീക്ഷകൾ അവസാനിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് കോർപ്പറേഷന്റെ കണക്കുകൂട്ടൽ. അന്നുമുതൽ തിരക്കുള്ള റൂട്ടുകളിൽ കൂടുതൽ ബസ്സുകൾ ഓടിക്കും. സെപ്റ്റംബർ രണ്ടുമുതൽ 13 വരെ ഡ്രൈവർ, കണ്ടക്ടർ, സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്രണ്ട്, ഇൻസ്പെക്ടർ എന്നിവർക്ക് അവധിയെടുക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തും. ഡ്യൂട്ടിക്ക് ഹാജരാകാത്തവരുടെ പട്ടിക തയ്യാറാക്കി മേലുദ്യോഗസ്ഥർക്ക് നൽകും. സർവീസിന് ഉപയോഗിക്കാവുന്ന എല്ലാ ബസ്സുകളുടെയും തകരാർ പരിഹരിക്കാൻ ക്ലസ്റ്റർ ഓഫീസർമാർക്കും യൂണിറ്റ് അധികാരികൾക്കും നിർദേശം നൽകി.

തമിഴ്‌നാട്, കർണാടകം എന്നിവിടങ്ങളിൽനിന്ന് കൂടുതൽ യാത്രക്കാരെ ഓണക്കാലത്ത് പ്രതീക്ഷിക്കുന്നുണ്ട്. ഇവർക്കായി ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള ദീർഘദൂര സർവീസുകൾ ഓടിക്കും. കൂടുതൽ ബസ്സുകളിൽ ഓൺലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തും. ഡീസൽക്ഷാമം കാരണം സർവീസ് മുടങ്ങാതിരിക്കാനുള്ള ക്രമീകരണവും ഒരുക്കും. ഉൾപ്രദേശങ്ങളിലേക്കുള്ള സർവീസുകൾ തിരക്കുള്ള റോഡുകളിലേക്ക് മാറ്റും. തിരുവോണദിവസം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ ജീവനക്കാർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യം നൽകും.

ഓണത്തിന് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഉണ്ടാകാനിടയുള്ള തിരക്കു പരിഗണിച്ച് ഇവിടേക്ക് കൂടുതൽ ബസ്സുകൾ ഓടിക്കും. ഒരേ റൂട്ടിലേക്ക് ബസ്സുകൾ തുടർച്ചയായി ഓടുന്നത് ഒഴിവാക്കും. ആദായകരമായ, തിരക്കുള്ള റൂട്ടുകളിലാകും സർവീസുകൾ. തിരക്കുള്ള ജില്ലാ കേന്ദ്രങ്ങളിൽ മറ്റ് ഡിപ്പോകളിൽനിന്നുള്ള ജീവനക്കാരെ താത്കാലികമായി പുനർവിന്യസിക്കാനും നടപടികളായി. ഇവിടങ്ങളിലേക്ക് മറ്റ് ഡിപ്പോകളിൽനിന്നുള്ള ബസ്സുകളും എത്തിക്കും.

Leave a Reply