കോതമംഗലം ഡിപ്പോയില്‍ നിന്നും ആരംഭിച്ചിട്ടുള്ള കെ.എസ്.ആര്‍.ടി.സിയുടെ ജംഗിള്‍ സഫാരി കൂടുതല്‍ ആകര്‍ഷകമാകുന്നു. ആരംഭിച്ച് മൂന്നുമാസം പൂര്‍ത്തിയാകുമ്പോള്‍ നൂറുകണക്കിന് ആളുകളാണ് സഫാരിയുടെ ഭാഗമായത്. യാത്ര കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായി ജംഗിള്‍ സഫാരിക്ക് ഒപ്പം ബോട്ട് യാത്രയും ഒരുക്കിയിരിക്കുകയാണ് ഇപ്പോള്‍.കോതമംഗലത്ത് നിന്നും കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്ത് ഭൂതത്താന്‍കെട്ടില്‍ എത്തുകയും അവിടെ നിന്നും ബോട്ടിലൂടെ യാത്ര ചെയ്തു തട്ടേക്കാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കണ്ടുകൊണ്ട് കുട്ടമ്പുഴയില്‍ ഇറങ്ങുകയും കുട്ടമ്പുഴയില്‍ നിന്നും വീണ്ടും കെഎസ്ആര്‍ടിസി ബസില്‍ യാത്ര തുടരുന്ന രീതിയിലാണ് ആണ് ജംഗിള്‍ സഫാരി പുതുതായി ക്രമീകരിച്ചിട്ടുള്ളത്. ബോട്ട് യാത്രയുടെ ഉദ്ഘാടനം ഭൂതത്താന്‍കെട്ടില്‍ ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. കഴിഞ്ഞ നവംബര്‍ 25 നാണ് ജംഗിള്‍ സഫാരിക്ക് കോതമംഗലം ഡിപ്പോയില്‍ നിന്ന് തുടക്കമായത്. ആദ്യം ഒരു ബസില്‍ നിന്നായിരുന്നു തുടക്കം. പിന്നീട് യാത്രികരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഏഴ് ബസ്സുകള്‍ വരെ ഒരു ദിസവം സഫാരി നടത്തിയിട്ടുണ്ട്. കോതമംഗത്ത് നിന്ന് ആരംഭിച്ച് തട്ടേക്കാട്, കുട്ടമ്പുഴ വഴി മാമലക്കണ്ടത്തെത്തുകയും അവിടെ നിന്ന് മാങ്കുളത്തുകൂടെ ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറില്‍ എത്തിച്ചേരും വിധമായിരുന്നു ഇതുവരെയുള്ള യാത്ര ക്രമീകരിച്ചിരുന്നത്. എന്നാല്‍ ഇനിമുതല്‍ രണ്ട് മാറ്റങ്ങള്‍ യാത്രയില്‍ വരും, ബോട്ട് യാത്രയും ആനക്കുളം സന്ദര്‍ശനവും. രാവിലെ എട്ട് മണിക്ക് കോതമംഗലത്ത് നിന്ന് പുറപ്പെട്ട് രാത്രി പത്ത് മണിയോടെ തിരിച്ച് എത്തിച്ചേരും വിധമാണ് ജംഗിള്‍ സഫാരി ക്രിമീരിച്ചിട്ടിള്ളത്.