Spread the love
കെഎസ്ആർടിസിയുടെ മൂന്നാർ ഉല്ലാസയാത്ര പെരിന്തൽമണ്ണയിൽ നിന്ന് പുനരാരംഭിക്കുന്നു

പെരിന്തൽമണ്ണ: കെഎസ്ആർടിസിയെ ജനകീയമാക്കി ടിക്കറ്റേതര വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ ഉടനീളം ആരംഭിച്ച ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ഉല്ലാസ യാത്ര കൂടുതൽ പുതുമകളോടെ പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നും രണ്ടാഴ്ചക്ക് ശേഷം പുനരാരംഭിക്കുന്നു. കൊവിഡ് രൂക്ഷമായതിനെ തുടർന്ന് ജനുവരി പകുതിയോടെ താൽക്കാലികമായി നിർത്തി വെച്ച യാത്രകൾ ഫെബ്രുവരി ഏഴ് മുതൽ സൂപ്പർ എക്സ്പ്രസ്സ് ഡീലക്സ് സെമി സ്ലീപ്പർ ബസ്സിൽ ആകർഷകമായ സൗകര്യങ്ങളോടെ വീണ്ടും ആരംഭിക്കുകയാണ്.

ബസ്സിന്റെ ഉള്ളിൽ ആകർഷണീയമായി സീറ്റുകൾ തയ്യാറാക്കി പുതിയ കർട്ടനുകളും സ്റ്റീരിയോ, ലൈറ്റിംഗ്, മൊബൈൽ ചാർജിംഗ് സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് യാത്രക്ക് തയ്യാറാക്കിയിട്ടുള്ളത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 8 മണിക്ക് പെരിന്തൽമണ്ണയിൽ നിന്നും പുറപ്പെട്ട് വഴിയിലെ ചീയാപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ, സ്പൈസസ് ഗാർഡനുകൾ തുടങ്ങിയ വ്യൂ പോയിന്‍റുകൾ സന്ദർശിച്ച് വൈകീട്ട് മൂന്നാർ ഡിപ്പോയിൽ എത്തുന്നു. മൂന്നാർ ഡിപ്പോയിൽ ആധുനിക രീതിയിൽ ഒരുക്കിയ എസി സ്ലീപ്പർ ബസിലാണ് താമസം ഒരുക്കിയിട്ടുള്ളത്.
ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം വരെ നീണ്ടു നിൽക്കുന്ന മൂന്നാർ സൈറ്റ് സീയിംഗിൽ ഫോട്ടോ പോയന്റ്, മാട്ടുപ്പെട്ടി ഡാം, ബൊട്ടാണിക്കൽ ഗാർഡൻ, എക്കോ പോയന്റ്, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷൻ, ഫ്ളവർ ഗാർഡൻ, ടീ മ്യൂസിയം എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്നു. വൈകുന്നേരം മൂന്നാർ ഡിപ്പോയിൽ നിന്നും തിരിച്ചുള്ള യാത്ര പെരിന്തൽമണ്ണയിൽ ബുധനാഴ്ച പുലർച്ചെ എത്തുന്നു.

മൂന്നാറിലേക്ക് യാത്രയും താമസവും ഉൾപ്പെടെ 1200 രൂപയാണ് ചാർജ്. വയനാട്, മലക്കപ്പാറ തുടങ്ങി മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ഗ്രൂപ്പായും അല്ലാതെയും പെരിന്തൽമണ്ണയിൽ നിന്നും യാത്ര ഒരുക്കിയിട്ടുണ്ട്. കൂടാതെ റസിഡണ്ട് അസോസിയേഷനുകൾ , സംഘടനകൾ തുടങ്ങിയവർക്ക് അവരവരുടെ ഇഷ്ടമുളള സ്ഥലം തിരഞ്ഞടുത്ത് ബസ്സ് വാടകക്ക് എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് പെരിന്തൽമണ്ണ ഡിടിഒ ശ്രീ കെ പി രാധാകൃഷ്ണൻ അറിയിച്ചു. വിനോദ യാത്ര പോകുന്നവരുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് യാത്രകൾ കൂടുതൽ ആകർഷകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടിക്കറ്റുകൾ ബുക്ക് ചെയ്യാനും മറ്റ് അന്വേഷണങ്ങൾക്കും ഉള്ള ഫോൺ നമ്പറുകൾ:?

9048848436
9745611975
9544088226

Leave a Reply