
പമ്പയില്‍നിന്ന് കെ.എസ്.ആര്‍.ടി.സിയുടെ പഴനി, കോയമ്പത്തൂര്‍, തെങ്കാശി സര്‍വീസുകള്‍ ഡിസംബര്‍ ഏഴ് മുതല്‍ ആരംഭിക്കും. നിലവില്‍ 128 ബസുകളാണ് പമ്പയില്‍ നിന്നും സര്‍വ്വീസ് നടത്തുന്നത്. ഡിസംബര്‍ 12ഓടെ 99 ബസുകള്‍ കൂടി സര്‍വീസിനെത്തും.
ഡിസംബര്‍ 7 മുതല്‍ 12 ബസുകളാണ് പഴനി, കോയമ്പത്തൂര്‍, തെങ്കാശി എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുക.
രണ്ടാംഘട്ടത്തില്‍ മധുരയിലേക്കും ചെന്നൈയിലേക്കും കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങും. നിലവില്‍ പമ്പയില്‍നിന്ന് 128 ബസുകളാണ് കെ.എസ്.ആര്‍.ടി.സി പ്രവര്‍ത്തിപ്പിക്കുന്നത്.
നിലയ്ക്കല്‍-പമ്പ റൂട്ടില്‍ തീര്‍ഥാടകര്‍ക്കായി കെ.എസ്.ആര്‍.ടി.സി 24 മണിക്കൂറും ചെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. നവംബര്‍ 16 മുതല്‍ ഡിസംബര്‍ ഒന്ന് വരെ 4,52,698 യാത്രക്കാരാണ് ചെയിന്‍ സര്‍വീസ് ഉപയോഗപ്പെടുത്തിയത്. രാത്രി ഏഴ് മുതല്‍ 12 മണി വരെ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് ബസുകള്‍ക്ക് പ്രവേശനമില്ല.
എന്നാല്‍ പമ്പയില്‍നിന്ന് തിരിച്ച് നിലയ്ക്കലിലേക്ക് ഈ സമയങ്ങളിലും ചെയിന്‍ സര്‍വീസുണ്ട്. നിലയ്ക്കലില്‍നിന്ന് മറ്റു സ്ഥലങ്ങളിലേക്കുള്ള ബസ് സര്‍വീസും ഈ സമയത്തുണ്ട്. 306 ജീവനക്കാരാണ് ശബരിമല തീര്‍ഥാടനം സുഗമമാക്കാന്‍ കെ.എസ് ആര്‍ ടി സി യില്‍ ജോലി ചെയ്യുന്നത്.