Spread the love
ദേശീയപതാകയെ അങ്ങേയറ്റം അപമാനിച്ച് സ്കൂളുകളിലെത്തിച്ച കുടുംബശ്രീ പതാകകൾ

എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്നതിനായി സ്കൂൾ കുട്ടികൾക്കും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിലുള്ള സ്ഥാപനങ്ങൾക്കും ദേശീയ പതാക വിതരണം ചെയ്യുന്നതിന് കുടുംബശ്രീയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വിതരണത്തിനായി സ്കൂളുകളിൽ എത്തിച്ച പതാകകൾ പുറത്തു കാണിക്കാൻ കഴിയാത്ത രീതിയിലുള്ളതാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ദേശീയ പതാക നിർമ്മിക്കുമ്പോൾ ആവശ്യപ്പെടുന്ന യാതൊരുവിധ നിബന്ധനകളും പാലിക്കാതെ നിർമ്മിച്ച പതാകകളാണ് കുടുംബശ്രീ സ്കൂളുകളിൽ വിൽപ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്. വില്പനയ്ക്ക് എത്തിച്ച പല പതാകകളുടെയും അരികുകൾ കീറിപ്പറഞ്ഞ നിലയിലുമാണ്. പതാകകളുടെ നടുക്ക് വരേണ്ട അശോകചക്രം പലതിലും കാണാനുമില്ല. അശോകചക്രമുള്ള പതാകകളിൽ അത് മാഞ്ഞുപോയ രീതിയിലുമാണ്.

20, 25, 30, 40 എന്നിങ്ങനെയാണ് പതാകകളുടെ വില. ഇതിൽ 20, 25 രൂപയ്ക്ക് വിൽക്കുന്ന പതാകകൾ നിർമ്മിച്ചിരിക്കുന്നത് പോളിസ്റ്റർ തുണി ഉപയോഗിച്ചാണ്. ഈ പതാകകളിൽ ഘടിപ്പിച്ചിരിക്കുന്നത് കൂൾഡ്രിങ്ക്സ് സ്ട്രോകളുമാണ്.ഈ പതാകകൾക്ക് കൃത്യമായ അളവോ ദേശീയ പതാക നിർമ്മിക്കുമ്പോൾ നിഷ്കർഷിച്ചിരിക്കുന്ന യാതൊരുവിധ നിബന്ധനകളോ പാലിച്ചിട്ടില്ല.ഇത്രയും മോശമായ പതാകകൾ എങ്ങനെ കുട്ടികൾക്കും നൽകും എന്നറിയാതെ വിഷമിക്കുകയാണ് അധ്യാപകർ. പതാകകൾ മാറ്റി നൽകണമെന്ന് കുടുംബശ്രീയോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയ്യാറല്ലെന്നാണ് അറിയിച്ചിരിക്കുന്നത്.ദേശീയ പതാക നിർമ്മിക്കുമ്പോഴും ഉയർത്തുമ്പോഴും ശ്രദ്ധിക്കേണ്ട ഫ്ലാഗ് കോഡുകളുണ്ട്. ഈ പതാകയുടെ നിർമ്മാണത്തിൽ അത് പാലിക്കാൻ കഴിഞ്ഞിട്ടില്ല. പിന്നെങ്ങനെയാണ് പതാക ഉയർത്തുമ്പോൾ പാലിക്കാൻ കഴിയുകയെന്നും അധ്യാപകർ ചോദിക്കുന്നു.

കുടുംബശ്രീയുടെ നേതൃത്വത്തിൽ 4000 ത്തോളം തയ്യൽ യൂണിറ്റുകൾ നിലവിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ഈ യൂണിറ്റുകൾ മുഖേന ആവശ്യാനുസരണം ദേശീയ പതാക നിർമ്മിച്ചു നൽകുന്നതാണെന്ന ഉത്തരവാണ് നേരത്തെ പുറപ്പെടുവിച്ചിരുന്നത്. മാത്രമല്ല ദേശീയ പതാകയുടെ അളവ്, വില, മെറ്റീരിയൽ എന്നിവ സംബന്ധിച്ചുള്ള നിർദ്ദേശങ്ങളും സർക്കാർ തന്നെ പുറത്തു വിട്ടിരുന്നു.

Leave a Reply