എറണാകുളത്ത് ക്രൈം സ്‌പോട്ടുകൾ മാപ്പ് ചെയ്ത് കുടുംബശ്രീ. ജില്ലയിലെ 14 പഞ്ചായത്തുകളിലായി ആദ്യ ഘട്ടത്തില്‍ തന്നെ 2,200 സ്പോട്ടുകളാണ് കുറ്റകൃത്യങ്ങളുടെ കേന്ദ്രങ്ങളായി കുടുംബശ്രീ കണ്ടെത്തിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ കാമ്പയിനായ ‘നാശാ മുക്ത് പദ്ധതി’യുടെ ഭാഗമായാണ് കുടുംബശ്രീ ക്രൈം മാപ്പിങ് പദ്ധതി നടപ്പാക്കുന്നത്.പരീക്ഷണ അടിസ്ഥാനത്തിൽ 14 പഞ്ചായത്തുകളില്‍ നടപ്പാക്കിയ പദ്ധതി അടുത്ത വര്‍ഷത്തോടെ എറണാകുളം ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും നടപ്പാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.കുറ്റം ചെയ്തതിന് ശേഷം നടപടി എന്നതില്‍ നിന്ന് മാറി, കുറ്റകൃത്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണ്ടെത്തി തടയാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. മാനസികം, ശാരീരികം, സാമ്പത്തികം, ലൈംഗികം, സാമൂഹികം, വാചികം തുടങ്ങിയ ഏഴുതരം വിഷയങ്ങളിലുള്ള കുറ്റകൃത്യങ്ങളെ കേന്ദ്രീകരിച്ചാണ് ക്രൈം സ്പോട്ടുകള്‍ നിശ്ചയിക്കുക. കുറ്റകൃത്യത്തിന്‍റെ സ്ഥാനം, കുറ്റകൃത്യത്തിന്‍റെ സ്വഭാവം, കുറ്റകൃത്യത്തിന്‍റെ തീവ്രത, സംഭവ സമയം കുറ്റകൃത്യത്തിന്‍റെ വിശദാംശങ്ങൾ, കുറ്റവാളിയുടെ വിശദാംശങ്ങൾ എന്നിവയും കുടുംബശ്രീ പ്രവര്‍ത്തകര്‍ രേഖപ്പെടുത്തും. കുറ്റകൃത്യങ്ങള്‍ കൂടുന്നയിടങ്ങളുടെയും സാഹചര്യങ്ങളുടെയും സാധ്യതാ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ പദ്ധതിയിലൂടെ കഴിയും.ആദ്യഘട്ടത്തില്‍ വിശദമായ സർവേ നടത്തുവാനായി പരിശീലകരുടെ തയാറെടുപ്പുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കി.