
ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ടു തുടങ്ങിയ കുടുംബശ്രീക്ക് 25ന്റെ തിളക്കം. 45 ലക്ഷം സ്ത്രീകൾ കുടുംബശ്രീയിൽ അംഗങ്ങളാണ്. അധികാരം ജനങ്ങളിലേക്കെന്ന മുദ്രാവാക്യവുമായി 1996ൽ ആരംഭിച്ച ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ ചുവടുപിടിച്ചായിരുന്നു കുടുംബശ്രീയുടെ വരവ്. 1997-98 ലെ സംസ്ഥാന ബഡ്ജറ്റില്‍ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷനായി കുടുംബശ്രീ പ്രഖ്യാപിക്കപ്പെട്ടു. സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജന യജ്ഞം എന്ന നിലയിൽ1998 മേയ് 17ന് കുടുംബശ്രീ രൂപീകൃതമായി. കേരള സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍ നബാര്‍ഡിന്റെ സഹായത്തോടെയുള്ള സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജന യജ്ഞം എന്ന നിലയിലാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തദ്ദേശ സ്ഥാപനങ്ങളില്‍ അയല്‍ക്കൂട്ട രൂപീകരണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ത്രിതല സംഘടനാ സംവിധാനത്തിന്റെ പങ്കാളിത്തം ഉറപ്പു വരുത്തുന്ന ഘടനയാണ് കുടുംബശ്രീയുടേത്. നിലവില്‍ മൂന്നു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങളിലായി 45.85 ലക്ഷം വനിതകള്‍ ഇതില്‍ അംഗങ്ങളാണ്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ സ്ത്രീശാക്തീകരണവും വികസന പ്രക്രിയയിലെ സ്ത്രീകളുടെ പങ്കാളിത്തവുമാണ് വികസനത്തിലെ അനിവാര്യമായ ഘടകമായി പരിഗണിക്കപ്പെടുന്നത്. 1955ലെ തിരു.കൊച്ചി ചാരിറ്റബിള്‍ സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് അനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. ജനകീയ ഹോട്ടലുകൾ, ഭവന നിര്‍മാണ ഗ്രൂപ്പുകൾ, ഡ്രൈവിംഗ് സ്കൂൾ, റെ യില്‍വേ പാര്‍ക്കിംഗ്, കസ്റ്റമര്‍ ലോഞ്ച് മാനേജ്‌മെന്റ്, ഹൗസ്‌കീപ്പിംഗ്, സോഫ്ട് വെയർ നിർമാണം . അങ്ങനെയങ്ങനെ കാലത്തിനൊത്ത് കുടുംബശ്രീയും മാറുകയാണ്.